പന്പയിലേക്കു ചെറുവാഹനങ്ങൾ: പോലീസിന് എന്താണ് എതിർപ്പെന്നു ഹൈക്കോടതി
Friday, November 22, 2019 1:11 AM IST
കൊച്ചി: പന്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിടുന്നതിൽ എതിർപ്പില്ലെന്നു സർക്കാരും ദേവസ്വം ബോർഡും അറിയിച്ചിട്ടുണ്ടെന്നിരിക്കേ പോലീസിന് എന്താണ് ഇക്കാര്യത്തിൽ എതിർപ്പെന്നു ഹൈക്കോടതി. ചെറുവാഹനങ്ങൾ കടത്തിവിടാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും പോലീസ് ഇതിൽ മടി കാണിക്കുന്നതെന്തിനാണെന്നു വ്യക്തമാക്കാനും കോടതി പറഞ്ഞു.
15 സീറ്റുകളുള്ള വാഹനങ്ങൾ വരെ പന്പയിലേക്ക് കടത്തിവിടാമെന്നു കഴിഞ്ഞ ദിവസം ഉത്തരവുണ്ടായിട്ടും വാഹനങ്ങൾ പോലീസ് തടഞ്ഞതു ശ്രദ്ധയിൽപ്പെട്ടെന്നും അതിനാലാണ് ഇക്കാര്യം ചോദിക്കുന്നതെന്നും ഇന്നലെ ദേവസ്വം ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വിധി നടപ്പാക്കേണ്ടത് എങ്ങനെയാണെന്നു കോടതിക്ക് നന്നായി അറിയാം. ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്നു ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശവും നൽകി.