ഫ്ളാറ്റ് പൊളിക്കുന്പോൾ മാറി താമസിക്കുന്നവർക്കു വാടകയും ഇൻഷ്വറൻസും
Tuesday, November 19, 2019 12:14 AM IST
തിരുവനന്തപുരം: മരടിൽ ഫ്ളാറ്റ് സമുച്ചയം പൊളിക്കുന്പോൾ ആശങ്കയുള്ള സമീപവാസികൾ താത്കാലികമായി മാറി താമസിച്ചാൽ ഇവർക്കുള്ള വാടക സർക്കാർ നൽകും. പൊളിക്കുന്ന ഫ്ളാറ്റുകളുടെ പരിസരങ്ങളിലെ താമസക്കാർക്ക് ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള പരിരക്ഷയും സംരക്ഷണവും ഉറപ്പാക്കാനും തദ്ദേശ മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം.
പരിസരവാസികൾ, അവരുടെ വീടുകൾ, മറ്റു കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, റോഡുകൾ എന്നിവയ്ക്കു പരിരക്ഷ ഉറപ്പാക്കും. പൊളിക്കുന്പോൾ കെട്ടിടങ്ങൾക്കു കുലുക്കം ഉണ്ടാകുമെന്നും ഇതു തകർച്ചയ്ക്കു കാരണമാകുമെന്നുമാണ് പരസരവാസികളുടെ ആശങ്ക.
ഷീറ്റുകൾകൊണ്ട് ഉയരത്തിൽ മറ കെട്ടിയ ശേഷമേ ഫ്ളാറ്റുകൾ പൊളിക്കൂ. അവശിഷ്ടങ്ങൾ തെറിച്ച് അപകടമുണ്ടാകുന്നത് ഒഴിവാക്കാനാണിത്. പൊടിപടലങ്ങളിൽനിന്നുള്ള ശല്യം ഒഴിക്കാൻ വെള്ളം സ്പ്രേ ചെയ്തുകൊണ്ടിരിക്കും. സ്ഥലത്തുള്ള ടെക്നിക്കൽ എൻജിനിയർമാർ ഓരോ ഫ്ളാറ്റിലും മേൽനോട്ടത്തിനുണ്ടാകും. ഉദ്യോഗസ്ഥ സംഘം നാട്ടുകാരുടെ ആശങ്ക തീർക്കാൻ ഇടപെടും.