ഭാരത ഹോസ്പിറ്റലർ സഭയുടെ സുവർണ ജൂബിലി സമാപനം ചെന്നൈയിൽ
Sunday, November 17, 2019 12:24 AM IST
കട്ടപ്പന: ഇന്ത്യയിലെ ഹോസ്പിറ്റലർ ബ്രദേഴ്സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സഭയുടെ സുവർണ ജൂബിലി സമാപനം 19ന്. 50 വർഷങ്ങൾ പിന്നിടുന്ന ഇന്ത്യയിലെ സഭയുടെ പ്രവർത്തനങ്ങളുടെ ഒരുവർഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം പൂനമല്ലി പ്രോവിൻഷ്യൽ ഹൗസിൽ നടക്കും.
രാവിലെ 10.30ന് നടക്കുന്ന ദിവ്യബലിയിൽ മൈലാപ്പൂർ ആർച്ച്ബിഷപ് ഡോ. ജോർജ് അന്തോണിസാമി മുഖ്യകാർമികത്വം വഹിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ സെന്റ തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ബ്രദർ യാങ്കാശർമ സ്വാഗതം ആശംസിക്കും. ജനറൽ കൗണ്‍സിലർ (റോം) ഫാ. പാസ്കൽ മുഖ്യപ്രഭാഷണം നടത്തും. ഫാ. ഫെലിക്സ്, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സുപ്പീരിയർ ജനറൽ സിസ്റ്റർ മേഴ്സി എന്നിവർ പ്രസംഗിക്കും. നോവിസ് മാസ്റ്റർ ബ്രദർ പോൾ വർഗീസ് കൃതജ്ഞത പറയും.
കഴിഞ്ഞ നവംബർ 19ന് കേരള ഗവർണർ ജസ്റ്റീസ് പി. സദാശിവം ജൂബിലി വർഷത്തിന്റെ ഉദ്ഘാടനം കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലിൽ നടത്തി. ഭാരത സഭയുടെ സ്ഥാപകൻ ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് തൻഹോയിസർ അന്തരിച്ചിട്ട് 14 വർഷവും തികയുകയാണ്.
കട്ടപ്പനയിലെ സെന്റ് ജോണ്‍സ് ആശുപത്രിയുടെ സ്ഥാപനത്തോടെ ആരംഭിച്ച ശുശ്രൂഷ ഇന്നു രാജ്യത്തിന്റെ വിവിധ മേഖലകളിലേക്കു വ്യാപിച്ചിട്ടുണ്ട്.
കട്ടപ്പനയ്ക്കു പുറമേ വെള്ളൂർ (കോട്ടയം), പേരാവൂർ (കണ്ണൂർ), ചെന്നൈ, തിരുച്ചിറപ്പളളി, മധ്യപ്രദേശ് ഒഡീഷ എന്നീ സ്ഥലങ്ങളിൽ വിവിധ തരത്തിലുള്ള ആതുര സേവനവും മറ്റു സാമൂഹ്യ സേവനങ്ങളും സഭയ്ക്കുണ്ട്.
ബ്രദർ ഫോർത്തുനാത്തൂസിനാൽ സ്ഥാപിതമായ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിനു കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്നാട്ടിലെ തിരുച്ചിറപ്പളളിയിലും സഭാ സ്ഥാപനങ്ങളുണ്ട്.