എൽഡി ക്ലാർക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
Saturday, November 16, 2019 12:58 AM IST
തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇന്നു മുതൽ ഡിസംബർ 18 രാത്രി 12 വരെ അപേക്ഷ സമർപ്പിക്കാം. 18-36 വയസാണ് പ്രായപരിധി.
1983 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം അപേക്ഷകർ. 2019 ജനുവരി ഒന്ന് കണക്കാക്കിയാണു പ്രായം നിശ്ചയിക്കുന്നത്. നിലവിലുള്ള റാങ്ക് പട്ടികയുടെ മൂന്നു വർഷ കാലാവധി 2021 ഏപ്രിൽ ഒന്നിനാണ് അവസാനിക്കുന്നത്. അന്നുമുതൽ പുതിയ റാങ്ക് പട്ടിക നിലവിൽവരും.
കഴിഞ്ഞ തവണ എൽഡി ക്ലാർക്ക് പരീക്ഷ എഴുതുന്നതിനു 17.94 ലക്ഷം ഉദ്യോഗാർഥികളാണ് അപേക്ഷിച്ചിരുന്നത്. ഇത്തവണ അത് 20 ലക്ഷമെത്തുമെന്നാണു കരുതുന്നത്. എസ്എസ്എൽസി ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടികജാതി- വർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.