ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടെന്നു സിപിഎം
Saturday, November 16, 2019 12:58 AM IST
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും ഒരു കാരണവശാലും യുവതികളെ പ്രവേശിപ്പിക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. യുവതീപ്രവേശനത്തിനു സ്റ്റേ ഇല്ലെങ്കിലും ഏഴംഗ ബെഞ്ചിന്റെ വിധി വരുന്നതുവരെ തത്കാലം യുവതികളെ കയറ്റേണ്ടതില്ല.
കഴിഞ്ഞ തീർഥാടന കാലത്തിനു സമാനമായ പ്രശ്നങ്ങൾ ഉണ്ടാകരുത്. വിധി വരുന്നതുവരെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്നു സർക്കാരിനു ലഭിച്ച നിയമോപദേശം കാര്യങ്ങൾ കൂടുതൽ ഗുണകരമായെന്ന വിലയിരുത്തലും ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി.
സർക്കാരും പാർട്ടിയും വിശ്വാസികൾക്ക് എതിരാണെന്ന പ്രതീതി ഉണ്ടാക്കുന്ന തരത്തിലുള്ള പ്രതികരണമോ അഭിപ്രായങ്ങളോ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും സിപിഎം സെക്രട്ടേറിയറ്റ് നിർദേശിച്ചു.