കോഴിക്കർഷകർക്ക് വേഗത്തിൽ ലൈസൻസ് ലഭ്യമാക്കും: വനംമന്ത്രി
Wednesday, November 13, 2019 11:18 PM IST
തിരുവനന്തപുരം: കോഴിക്കർഷകർക്ക് വേഗത്തിൽ ലൈസൻസ് അനുവദിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിനു കത്തു നൽകിയതായി മന്ത്രി കെ. രാജു നിയമസഭയിൽ പറഞ്ഞു. ജോർജ് എം. തോമസിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
100-ൽ കൂടുതൽ കോഴികളെ വളർത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് നിർബന്ധമാണ്. മാലിന്യ നിർമാർജനത്തിന് ടാങ്കും കന്പോസ്റ്റ് കുഴിയും വേണം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻഒസിയും നേടണം. മലിനീകരണമുണ്ടായാൽ പഞ്ചായത്ത് നൽകിയ ലൈസൻസ് റദ്ദാക്കും.
കർഷകർക്ക് ബുദ്ധിമുട്ടുണ്ടായത് പരിഗണിച്ചാണ് വനം വകുപ്പ് ഇടപെട്ടതെന്ന് മന്ത്രി പറഞ്ഞു. 2018ലെ പ്രളയത്തിൽ 11.43ലക്ഷം കോഴിയും 4.6ലക്ഷം താറാവും ചത്തു. ദുരന്തനിവാരണ മാനദണ്ഡപ്രകാരം ഒരു കോഴിക്ക് 50 രൂപ നിരക്കിൽ പരമാവധി 5000രൂപയേ സഹായം നൽകാനാകുകയുള്ളെന്നും മന്ത്രി പറഞ്ഞു.