ഫ്ളാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാര നടപടികൾ അന്തിമഘട്ടത്തിൽ
Monday, October 21, 2019 12:50 AM IST
കൊച്ചി: മരടിൽ പൊളിക്കുന്ന ഫ്ളാറ്റുകളിൽനിന്ന് ഒഴിയുന്ന ഉടമകൾക്കു സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാര വിതരണത്തിന്റെ നടപടികൾ അന്തിമഘട്ടത്തിലേക്കു കടന്നു. തുക ബാങ്ക് ഉടമകളുടെ അക്കൗണ്ടിൽ ലഭിക്കുന്നതിനുള്ള വിവരങ്ങൾ 200 രൂപ മുദ്രപത്രത്തിൽ സാക്ഷ്യപ്പെടുത്തി സമർപ്പിക്കൽ ഇന്നലെ തുടങ്ങി. 25 ലക്ഷം രൂപ വരെയുള്ള ഭാഗിക നഷ്ടപരിഹാരമാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. ഇതുവരെ പരിശോധിച്ച് തീർപ്പാക്കിയ 107 പേർക്കാണ് തുക കൈമാറുക. നഗരസഭയിൽ എത്തുന്ന ഫ്ളാറ്റ് ഉടമകളെ സഹായിക്കാൻ പ്രത്യേക സ്റ്റാന്പ് വെണ്ടറെയും നിയോഗിച്ചിട്ടുണ്ട്.
നഷ്ടപരിഹാരത്തിന് രേഖകൾ സമർപ്പിച്ച മുഴുവൻ ഉടമകൾക്കും വരും ദിവസങ്ങളിൽ നഗരസഭയിലെത്തി സൗകര്യം പ്രയോജനപ്പെടുത്താമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.
എന്നാൽ, സർക്കാരിന്റെ നഷ്ടപരിഹാര വിതരണത്തോടു സഹകരിക്കില്ലെന്ന നിലപാടുമായി ഒരു വിഭാഗം ഉടമകൾ രംഗത്തെത്തി.
സുപ്രീം കോടതി നിശ്ചയിച്ച തുകയായ 25 ലക്ഷം രൂപ ആദ്യ ഘട്ടത്തിൽ മുഴുവൻ ഉടമകൾക്കും ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് തുക കൈപ്പറ്റില്ലെന്ന നിലപാടെടുത്തിരിക്കുന്നതെന്ന് ഉടമകളിൽ ഒരു വിഭാഗം പറഞ്ഞു. ഇതിനെതിരേ ഈ മാസം 25 ന് സുപ്രീം കോടതിയിൽ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്യുമെന്നും അവർ അറിയിച്ചു.