വി.എസ്. അച്യുതാനന്ദന് പിറന്നാൾ ആശംസകൾ
Monday, October 21, 2019 12:46 AM IST
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന് തൊണ്ണൂറ്റിയാറിന്റെ പിറന്നാൾ മധുരം. ഒൗദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ഭാര്യ വസുമതിക്കും കുടുംബാംഗങ്ങൾക്കൊപ്പം കേക്ക് മുറിച്ചായിരുന്നു പിറന്നാളാഘോഷം.
ആശംസകൾ അറിയിക്കാനെത്തിയവർക്കെല്ലാം പിറന്നാൾ പായസം നൽകിയാണ് വീട്ടുകാർ യാത്രയാക്കിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസിച്ചു. പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനും ഫോണിൽ വിളിച്ചു. എ.കെ ആന്റണി, വി.എം സുധീരൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരും വിഎസിന് പിറന്നാൾ ആശംസകൾ നേർന്നു.