മാർക്ക്ദാനം: സർവകലാശാല കാന്പസുകളിൽ 23 മുതൽ ജീവനക്കാരുടെ സമരം
Monday, October 21, 2019 12:46 AM IST
കളമശേരി: സർവകലാശാലകളുടെ സ്വയംഭരണത്തിലും അക്കാഡമിക് സ്വാതന്ത്ര്യത്തിലും കൈകടത്തി അനർഹർക്കു മാർക്ക്ദാനവും ബന്ധുനിയമനങ്ങളും ആനുകൂല്യങ്ങളും വാരിക്കോരി നൽകുന്നതിൽ പ്രതിഷേധിച്ചും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും എല്ലാ സർവകലാശാല കാന്പസുകളിലും 23 മുതൽ പ്രതിഷേധ സമരത്തിന് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ആഹ്വാനം ചെയ്തു.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി, എപിജെ അബ്ദുൾകലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അദാലത്ത് എന്ന മാമാങ്കം നടത്തി എല്ലാ സർവകലാശാല ചട്ടങ്ങളെയും ലംഘിച്ചു വകുപ്പ് മന്ത്രി അനർഹർക്ക് ആനുകൂല്യങ്ങൾ നൽകുകയാണെന്നു ഫെഡറേഷൻ ആരോപിച്ചു. സർവകലാശാലകളുടെ സ്വയംഭരണത്തിനു മേലും അക്കാഡമിക് സ്വാതന്ത്ര്യത്തിൻമേലുമുള്ള മന്ത്രിയുടെ കടന്നുകയറ്റം അപലപനീയമാണ്. കീഴ്വഴക്കങ്ങൾ ലംഘിച്ചുള്ള നടപടികളിൽ ഫെഡറേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി