കൂടത്തായി കൊലപാതക കേസ് ; ഒമ്പതു ദിവസത്തെ കസ്റ്റഡി, പരമാവധി "പിഴിഞ്ഞ്' പോലീസ്
Saturday, October 19, 2019 12:38 AM IST
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പര കേസില്‍ ഒമ്പതു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ മുഖ്യപ്രതി ജോളിയില്‍ നിന്നു പരമാവധി ‘പിഴിഞ്ഞെടുത്ത്’ പോലീസ്. ഇടയ്ക്ക് നിസഹകരിച്ച് ഉത്തരം തരാതെ പോലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചുവെങ്കിലും അന്വേഷണത്തിന് സഹായകരമാകുന്നതും മറ്റു കൊലപാതക കേസുകളിലേക്കു വെളിച്ചം വീശുന്നതുമായ നിരവധി തെളിവുകളാണ് മുഖ്യപ്രതിയില്നിന്നു പോലീസിനു ലഭിച്ചത്.
തുടര്‍ച്ചയായ ചോദ്യം ചെയ്യലിനും തന്ത്രങ്ങള്‍ക്കും ഒടുവിലാണ് പല വിവരങ്ങളും ജോളിക്ക് പോലീസിനോടു പറയേണ്ടിവന്നത്. ഇതോടൊപ്പം ജോളിയുടെ സ്വദേശമായ കട്ടപ്പനയിലെ ബന്ധുക്കളില്‍നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാൻ കഴിഞ്ഞു.
ജോളിയുമായി അടുപ്പമുണ്ടായിരുന്ന ലീഗ് നേതാവിന്റെ വീട്ടിലും ഇയാളുടെ മകന്റെ കടയിലും റെയ്ഡ് നടത്തി ജോളിയുടെ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള നിര്‍ണായക രേഖകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞു.
എന്‍ഐടിക്കു സമീപം ജോളി സ്ഥിരമായി പോയിരുന്ന തയ്യല്‍ക്കടയിലെ ജീവനക്കാരി റാണിയെയും ചോദ്യം ചെയ്യാനും ഇവരില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനും പോലീസിനു കഴിഞ്ഞു. ഇതു തുടരന്വേഷണത്തിന് സഹായകരമാകുമെന്നാണു പ്രതീക്ഷ.
ജോളിയില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പ്രകാരം രണ്ടാം ഭർത്താവ് ഷാജുവിനെ മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തിരുന്നു. ഷാജുവിനെതിരെ ജോളിയും മറ്റും ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തി. കഴിഞ്ഞ ദിവസം റോയിയുടെ സഹോദരൻ റോജോയുടേയും സഹോദരി റഞ്ചിയുടേയും ജോളിയുടെ മക്കളുടേയും മൊഴിയെടുത്തു.
ആദ്യഭര്‍ത്താവ് റോയി കൊല്ലപ്പെട്ട കേസില്‍ മാത്രമാണ് ജോളിയെ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസില്‍ കസ്റ്റഡി കാലാവധി അവസാനിക്കേ തന്നെ ഷാജുവിന്റെ ആദ്യ ഭാര്യസിലിയെ കൊലപ്പെടുത്തിയ കേസിലും ഇവരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞു. തുടര്‍ച്ചയായുള്ള ചോദ്യംചെയ്യലുകള്‍ ജോളിയെ മാനസികമായി തളര്‍ത്തുമെന്നും മറ്റു കേസുകളുമായി ബന്ധപ്പെട്ട ദുരൂഹതകളിലേക്കു വെളിച്ചം വീശാൻ ഇതു സഹായിക്കുമെന്നുമാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.