നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതിയായ പോലീസുകാരനു ജാമ്യത്തിൽ ഇളവ്
Friday, October 18, 2019 12:57 AM IST
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ നാലാം പ്രതിയായ പോലീസുകാരൻ സജീവ് ആന്റണിക്ക് തന്റെ ഭാര്യയെയും കുഞ്ഞിനെയും കാണാനായി ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നതിന് ഹൈക്കോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചു.
ഇടുക്കി ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഇയാൾക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്. ഈ വ്യവസ്ഥ ഒഴിവാക്കിയാണ് ഹൈക്കോടതിയുടെ തീരുമാനം. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനായി ഭാര്യയെ അഡ്മിറ്റ് ചെയ്തെന്നും ഇവരെ കാണാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള സജീവിന്റെ ഹർജി മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഭാര്യക്കും കുഞ്ഞിനുമൊപ്പം കുറച്ചു ദിവസം കഴിയാൻ സജീവിനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഒക്ടോബർ 16 മുതൽ മൂന്നു ദിവസത്തേക്ക് അമ്മയ്ക്കും കുഞ്ഞിനുമൊപ്പം കഴിയാൻ സിംഗിൾ ബെഞ്ച് അനുമതി നൽകി. നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത രാജ് കുമാർ പോലീസ് മർദനത്തെ തുടർന്ന് മരിച്ച കേസിലാണ് സജീവ് അറസ്റ്റിലായത്.