ദർശന നാടകമത്സരം: തിരുവനന്തപുരം സൗപർണികയുടെ "ഇതിഹാസം’ മികച്ച നാടകം
Monday, October 14, 2019 11:50 PM IST
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 11-ാമത് ദർശന അഖില കേരള പ്രഫഷണൽ നാടക മത്സരത്തിൽ ഏറ്റവും മികച്ച നാടകമായി തിരുവനന്തപുരം സൗപർണികയുടെ ’ഇതിഹാസം’ തെരഞ്ഞെടുക്കപ്പെട്ടു. വള്ളുവനാട് ബ്രഹ്മയുടെ ’പാട്ടുപാടുന്ന വെള്ളായി’ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഒന്നാം സ്ഥാനത്തിന് അർഹമായ നാടകത്തിന് 25,000 രൂപയും മുകളേൽ ഫൗണ്ടേഷൻ എവർറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം നേടിയ നാടകത്തിന് 20,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. മികച്ച രചനയ്ക്കും സംവിധാനത്തിനുമുള്ള അവാർഡ് ’അശോക് ശശി’,(ഇതിഹാസം, തിരുവനന്തപുരം സൗപർണിക) കരസ്ഥമാക്കി. നല്ല നടനായി ഓച്ചിറ സരിഗയുടെ ’നളിനാക്ഷന്റെ വിശേഷങ്ങൾ’,എന്ന നാടകത്തിലെ പ്രമോദ് വെളിയനാടും നല്ല നടിയായി വള്ളുവനാട് ബ്രഹ്മയുടെ പാട്ടുപാടുന്ന വെള്ളായി എന്ന നാടകത്തിലെ അന്പിളി കൃഷ്ണയെയും തെരഞ്ഞെടുത്തു. തിരുവനന്തപുരം സംസ്കൃതിയുടെ ജീവിതപാഠം എന്ന നാടകത്തിലെ അപ്പി- ഹിപ്പി മനോജ് മികച്ച ഹാസ്യനടൻ. മികച്ച സംഗീത സംവിധായകന്റെ അവാർഡ് എം. കെ. അർജുനൻ, ഇതിഹാസം (തിരുവനന്തപുരം സൗപർണിക) കരസ്ഥമാക്കി.
മികച്ച രണ്ടാമത്തെ നടനായി ചങ്ങനാശേരി അണിയറയുടെ നേരറിവ് എന്ന നാടകത്തിലെ കോട്ടയം രാജു, മികച്ച രണ്ടാമത്തെ നടിയായി കാഞ്ഞിരപ്പള്ളി അമലയുടെ ദൂരം എന്ന നാടകത്തിലെ ചേർത്തല ലേഖയെയും തെരഞ്ഞെടുത്തു. നാടകത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ജീവിത പാഠം (തിരുവനന്തപുരം സംസ്കൃതി) കരസ്ഥമാക്കി. വള്ളുവനാട് ബ്രഹ്മയുടെ പാട്ടുപാടുന്ന വെള്ളായി എന്ന നാടകത്തിലെ വി. ടി. സജിത് ബാലനടനുള്ള പ്രത്യേക ജൂറി പുരസ്കാരം കരസ്ഥമാക്കി. 10 ദിവസം നീണ്ടുനിന്ന നാടകമത്സരത്തിനു തേക്കിൻകാട് ജോസഫ്, മാവേലിക്കര രഘുനാഥ്, പൊൻകുന്നം സെയ്ദ് എന്നിവർ ജൂറി അംഗങ്ങൾ ആയിരുന്നു.