വിശുദ്ധ മറിയം ത്രേസ്യയുടെ നാമകരണത്തിൽ സഹകരിച്ചവരോടു നന്ദി: കെസിബിസി
Monday, October 14, 2019 11:50 PM IST
കൊച്ചി: കേരളത്തിൽ നിന്ന് ഒരാൾകൂടി സാർവത്രിക കത്തോലിക്കാ സഭയിൽ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടതിന്റെ ആനന്ദവും അഭിമാനവും കേരളസഭയ്ക്കും ജനതയ്ക്കുമുണ്ടെന്നു കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) പത്രക്കുറിപ്പിൽ പറഞ്ഞു.
വിശുദ്ധരുടെ നാമകരണ നടപടികളോടു വിവിധ രീതികളിൽ സഹകരിച്ച കേന്ദ്ര, സംസ്ഥാന സർക്കാരുകളോടും വത്തിക്കാനിലേക്കുള്ള ഇന്ത്യൻ പ്രതിനിധിസംഘത്തെ നയിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനോടും നന്ദി അറിയിക്കുന്നു.
ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്ത ചാനലുകളോടും വിശദമായ വാർത്തകൾ നൽകിയ മാധ്യമപ്രവർത്തകരോടും കേരളത്തിലെ കത്തോലിക്കാ സഭയ്ക്കു നന്ദിയും കടപ്പാടുമുണ്ട്. വിശുദ്ധയുടെ നാമകരണത്തിനായി ദീർഘകാലം പ്രാർഥിക്കുകയും ഒരുങ്ങുകയും ക്രമീകരണങ്ങൾ നടത്തുകയും ചെയ്ത തിരുക്കുടുംബ സന്യാസിനി സമൂഹ അധികാരികളെയും മെത്രാൻ സമിതി അഭിനന്ദിക്കുന്നു. അനേകം വിശുദ്ധർ ഇനിയും കേരളസഭയിൽ ഉണ്ടാകട്ടെയെന്നു പ്രാർഥിക്കുകയും ചെയ്യുന്നതായി കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് പറഞ്ഞു.