റോഡിൽ വീണ കുഞ്ഞിനെ രക്ഷിച്ചത് ഓട്ടോറിക്ഷ ഡ്രൈവർ
Sunday, October 13, 2019 1:16 AM IST
മൂന്നാർ: ഓടിക്കൊണ്ടിരുന്ന ജീപ്പിൽനിന്നു റോഡിലേക്കു തെറിച്ചുവീണ കുട്ടിയെ രക്ഷപ്പെടുത്തിയെന്നവകാശപ്പെട്ട വനംവകുപ്പ് വാച്ചർമാർ നാണംകെട്ടു. സമൂഹമാധ്യമങ്ങളും മുഖ്യാധാര മാധ്യമങ്ങളും ഏറെ വാഴ്ത്തിയ രാജമല അഞ്ചാംമൈൽ ചെക്കുപോസ്റ്റിലെ വാച്ചർമാരാണു സത്യം പുറത്തുവന്നപ്പോൾ അനഭിമതരായത്.
സെപ്റ്റംബർ ഒൻപതിനാണ് തമിഴ്നാട് പഴനിയിൽ തീർഥാടനംകഴിഞ്ഞു കന്പിളികണ്ടത്തേക്കു മടങ്ങിയ സംഘത്തിലെ ഒന്നര വയസുകാരി രോഹിത രാജമല ചെക്കുപോസ്റ്റ് ഭാഗത്ത് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിൽനിന്നു തെറിച്ചു വഴിയിൽവീണത്. വഴിയൽ വീണ കുട്ടി റോഡിലൂടെ നീന്തി നടക്കുന്നതു സിസി ടിവി വഴി ശ്രദ്ധയിൽപെട്ട ചെക്കുപോസ്റ്റിലെ വാച്ചർമാർ ഒാടിച്ചെന്നു രക്ഷിച്ചെന്നായിരുന്നു അവകാശവാദം.
എന്നാൽ, ഇവർ ചെക്കുപോസ്റ്റ് ഓഫീസിൽതന്നെ പകച്ചുനോക്കി നിൽക്കുകയായിരുന്നെന്നാണ് പുതിയ കണ്ടെത്തൽ. അപ്പോൾ അതുവഴിവന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് യഥാർഥത്തിൽ കുട്ടിയെ വഴിയിൽനിന്നും എടുത്ത് ചെക്കുപോസ്റ്റിൽ എത്തിച്ചു രക്ഷിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവറുടെ കാര്യം മറച്ചുവച്ചു തങ്ങളാണു കുട്ടിയെ രക്ഷിച്ചതെന്നു കഥയുണ്ടാക്കിയാണു വാച്ചർമാർ വനംവകുപ്പ് ഉന്നതരെയും പോലീസിനെയും ജനങ്ങളെയും വിഡ്ഢികളാക്കിയത്. കുട്ടിയെ രക്ഷിക്കുന്നതു സിസിടിവി കാമറയിൽ പതിഞ്ഞിരുന്നെങ്കിലും ഓട്ടോറിക്ഷാ ഡ്രൈവർ കുഞ്ഞിനെ എടുത്തുകൊണ്ടുവരുന്ന ഭാഗം മറച്ചുവച്ച് ഇവർ ചെയ്ത ധീരകൃത്യം എന്ന നിലയിൽ വാച്ചർമാർ ബാക്കി ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു.
കുട്ടിയെ അശ്രദ്ധമായി കൈകാര്യംചെയ്തതിനു ജുവനൈൽ ആക്ട് പ്രകാരം കുട്ടിയുടെ മാതാപിതാക്കൾക്കെതിരേ പോലീസ് എടുത്തിട്ടുള്ള കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് യഥാർഥ സംഭവം പുറത്തുവന്നത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്പോൾ വാച്ചർമാരെ കൂടാതെ മറ്റൊരാൾകൂടി അവിടെയുള്ളതു പോലീസ് കണ്ടെത്തുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് ദൃശ്യങ്ങളിൽ ഉള്ള വ്യക്തി കെഡിഎച്ച്പി കന്പനി നയമക്കാട് എസ്റ്റേറ്റ് സൂപ്പർവൈസറും ഓട്ടോ ഡ്രൈവറുമായ കനകരാജ് ആണെന്നു വ്യക്തമായത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഈ വിവരം സമ്മതിക്കുകയും ചെയ്തു.
കുട്ടി വീണത് ആദ്യം കണ്ടതു വനംവകുപ്പ് വാച്ചർമാരായിരുന്നെങ്കിലും അസമയത്തു റോഡിൽ കുട്ടിയെകണ്ടു ഭയന്ന് തങ്ങൾ മാറിനിൽക്കുകയായിരുന്നെന്നു വാച്ചർമാർ പോലീസിനോടു സമ്മതിച്ചു. കുട്ടിയുടെ രൂപമാണ് ഭയപ്പെടുത്തിയതെന്നാണ് വാച്ചർമാരായ കൈലേഷൻ, വിശ്വനാഥൻ എന്നിവർ പറയുന്നത്.
വഴിയോര വിളക്കിന്റെ വെളിച്ചത്തിൽ റോഡിൽ എന്തോ ഒന്ന് ഇഴഞ്ഞുനടക്കുന്നതു ശ്രദ്ധയിൽപെട്ട് ഇറങ്ങിച്ചെന്നു നോക്കിയപ്പോൾ മൊട്ടയടിച്ച തലയും വസ്ത്രമില്ലാത്ത ഉടലുമായി ഒരു രൂപത്തെ കണ്ടതോടെയാണ് ഭയമുണ്ടായത്. അസമയമായതിനാലും തലയിൽ മുറിവുണ്ടായതും ഭയം കൂട്ടിയെന്നും ഇവർ പറഞ്ഞു.
ഇവർ പരസ്പരം ആലോചിച്ചു നിൽക്കുന്പോഴാണ് ഓട്ടോ ഡ്രൈവർ കനകരാജ് അവിടെയെത്തിയത്. റോഡിൽ കുഞ്ഞിനെ കണ്ടെതോടെ വാഹനം വഴിയിൽനിർത്തി കനകരാജ് റോഡിലേക്കിറങ്ങി കുട്ടിയെ എടുക്കുകയായിരുന്നു.
കുട്ടിയുടെ അടുത്ത് ആദ്യമായെത്തിയതു കനകരാജാണെന്നും കുട്ടിയെ എടുത്തുകൊണ്ടുപോകുന്നതും വാച്ചർമാരെ ഏൽപിക്കുന്നതും കനകരാജ് ആണെന്നും ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു.
കന്പിളികണ്ടം സ്വദേശികളായ സതീഷ് - സത്യഭാമ ദന്പതികളുടെ കുട്ടിയാണ് അമ്മുവെന്നു വിളിക്കുന്ന രോഹിത.