വിശുദ്ധപദവി പ്രഖ്യാപനം: പുത്തൻചിറ ആഹ്ലാദത്തിമിർപ്പിൽ
Sunday, October 13, 2019 12:47 AM IST
പുത്തൻചിറ: മദർ മറിയം ത്രേസ്യയുടെ ജന്മംകൊണ്ടും കർമം കൊണ്ടും ധന്യമായ പുത്തൻചിറ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ആഹ്ലാദത്തിമിർപ്പിലാണ്.
കുഴിക്കാട്ടുശേരി കബറിടദേവാലയം സ്ഥിതി ചെയ്യുന്ന ഈസ്റ്റ് പുത്തൻചിറയിലെയും ഫൊറോന പള്ളിയിലെയും വികാരിമാരും സഹ വികാരിയും റോമിലെ ചടങ്ങുകളിൽ പങ്കെടുക്കുകയാണ്.ഇരുപള്ളികളിലും രാവിലെയുള്ള ദിവ്യബലിക്കുശേഷം രണ്ടാമത്തെ കുർബാനയില്ല. ഈസ്റ്റ് പുത്തൻചിറ ദേവാലയത്തിലെ വിശ്വാസികളോടെല്ലാം കുഴിക്കാട്ടുശേരി കബറിട ദേവാലയത്തിൽ പത്തിന് ആരംഭിക്കുന്ന ശുശ്രൂഷകളിൽ പങ്കെടുക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
പുത്തൻചിറ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഒരു മണിക്ക് പള്ളിയിൽ പ്രാർഥന, തുടർന്ന് റോമിൽനിന്നുള്ള നാമകരണചടങ്ങുകൾ എൽഇഡി വാളിൽ തൽസമയം പ്രദർശിപ്പിക്കും.
ഇതിനുശേഷം വിശുദ്ധയുടെ തിരുസ്വരൂപത്തിൽ കിരീടം ചാർത്തും. ജന്മഗൃഹത്തിലേക്കുള്ള പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തുന്നതോടെ ദിവ്യബലിയും പിന്നീട് സന്തോഷസൂചകമായി ഇടവകാതിർത്തികളിലൂടെ ഇരുചക്രവാഹന ഘോഷയാത്രയും. ദിവ്യസ്വരൂപം വണങ്ങുന്നതിനും പുഷ്പാർച്ചനയ്ക്കും മാലചാർത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കും.