നിർബന്ധിത മതപരിവർത്തനം: എൻഐഎയും ഐബിയും പെൺകുട്ടിയുടെ മൊഴിയെടുത്തു
Monday, September 23, 2019 1:40 AM IST
കോഴിക്കോട്: ജ്യൂസിൽ മയക്കുമരുന്നു നൽകി പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമിച്ച സംഭവത്തിൽ ദേശീയ സുരക്ഷാ ഏജൻസിയും (എൻഐഎ)യും ഇന്റലിജൻസ് ബ്യൂറോ (ഐബി)യും പെൺകുട്ടിയുടെ മൊഴിയെടുത്തതായി സൂചന.
സംസ്ഥാന ആഭ്യന്തര വകുപ്പ് കേസൊതുക്കാനും പ്രതിക്കു രക്ഷപ്പെടാനുള്ള അവസരമൊരുക്കുന്നതായും ആരോപണം നിലനിൽക്കെയാണു കേന്ദ്ര ഏജൻസികൾ സമാന്തര അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്തെ മറ്റു മതപരിവർത്തന കേസുകളുമായി ഈ കേസിനു ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. അതേസമയം, പ്രതിയെ പിടികൂടാനായി സംസ്ഥാന പോലീസ് യാതൊരു നടപടിയും ഇനിയും സ്വീകരിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടു രണ്ടു മാസമാവാറായിട്ടും കേസിന്റെ പ്രാധാന്യം കണക്കിലെടുത്തു പ്രത്യേക അന്വേഷണ സംഘം പോലും രൂപീകരിച്ചിട്ടില്ല. ഇതിനെതിരേ വിവിധ സംഘടനകൾ ഇന്നു പ്രതിഷേധം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്കു പ്രകടനം നടത്താനാണു തീരുമാനം.
കോഴിക്കോട് നഗരത്തിലെ കോച്ചിംഗ് സെന്ററിലെ വിദ്യാർഥിയായ പെൺകുട്ടിയെയാണു മതപരിവര്‍ത്തനത്തിനായി ഭീഷണിപ്പെടുത്തിയത്. നടുവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിം എന്ന വിദ്യാര്‍ഥിക്കെതിരേ പെണ്‍കുട്ടിയുടെ രക്ഷിതാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കാര്യമായി നടപടി സ്വീകരിച്ചിട്ടില്ല.
പെണ്‍കുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മതപരിവര്‍ത്തന കേസുകള്‍ അന്വേഷിക്കുന്ന ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ), ഇന്റലിജന്‍സ് ബ്യൂറോ(ഐബി), റോ, എന്നീ ഏജന്‍സികളും പ്രാഥമിക വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഇതിന്ന് പിന്നാലെയാണ് മൊഴി രേഖപ്പെടുത്തിയത്.
ജൂലൈ ഏഴിനാണ് കേസിനാസ്പദമായ സംഭവം. പീഡിപ്പിച്ചു മൊബൈൽ ഫോണിൽ ചിത്രമെടുത്തു നിരന്തരം ഭീഷണിപ്പെടുത്തുകയും പണം കൈപ്പറ്റുകയും ചെയ്തു. മതത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. മതംമാറ്റ ശ്രമത്തിനു പിന്നിൽ മതതീവ്രവാദ സംഘടനയുടെ പങ്കുണ്ടെന്നാണു സംശയിക്കുന്നത്. നേരത്തെ ലൗ ജിഹാദ് എന്ന പേരില്‍ വ്യാപക മതംമാറ്റം നടത്തിയിരുന്ന സംഘടനയാണ് ഇതിനു പിന്നിലുള്ളതെന്നും സംശയം ഉയർന്നിട്ടുണ്ട്.