ഒാർത്തഡോക്സ് വിഭാഗം പ്രാർഥനയ്ക്കെത്തി, കണ്ടനാട് പള്ളിയിൽ സംഘർഷാവസ്ഥ
Monday, September 23, 2019 1:06 AM IST
ഉദയംപേരൂർ: വർഷങ്ങളായി യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കത്തിലിരിക്കുന്ന കണ്ടനാട് മർത്താമറിയം പള്ളിയിൽ 28 വർഷത്തിനുശേഷം ഓർത്തഡോക്സ് വിഭാഗം മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചു. അനുകൂല കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ച് മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചത്. ഈ സമയം യാക്കോബായ വിഭാഗക്കാർ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും സ്ഥലത്തുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം തടഞ്ഞു.
യാക്കോബായക്കാരുടെ റോഡ് ഉപരോധവും പ്രതിഷേധവും ഉണ്ടാകുമെന്ന കാര്യം മുൻകൂട്ടിയറിഞ്ഞ ഓർത്തഡോക്സ് മെത്രാപ്പോലീത്ത ശനിയാഴ്ച രാത്രിയിൽതന്നെ പള്ളി അരമനയിൽ എത്തിയിരുന്നു.