ദക്ഷിണ റെയില്‍വേയ്ക്ക് മലയാളി ജനറല്‍ മാനേജര്‍
Saturday, September 21, 2019 12:24 AM IST
കാസര്‍ഗോഡ്: ദക്ഷിണ റെയില്‍വേയുടെ തലപ്പത്ത് ഇനി മലയാളിസാന്നിധ്യം. ആലപ്പുഴ കരുവാറ്റ കുരുത്താറ്റില് കുടുംബാംഗമായ ജോൺ തോമസ് ദക്ഷിണ റെയില്‍വേയുടെ പുതിയ ജനറല്‍ മാനേജരായി ചുമതലയേറ്റു. ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് 1982 ബാച്ചിലെ ഉദ്യോഗസ്ഥനായ ജോൺ തോമസ് സൗത്ത് സെന്‍ട്രൽ റെയില്‍വേയില്‍ അഡീഷണല്‍ ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
സ്ഥാനമൊഴിയുന്ന ജനറല്‍ മാനേജര്‍ രാഹുൽ ജെയിന് കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേരള എംപിമാർ അതത് പ്രദേശങ്ങളിലെ അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങളടങ്ങിയ നിവേദനങ്ങള്‍ സമര്‍പ്പിച്ചത്. പാലക്കാട് കോച്ച് ഫാക്ടറിയും പുതിയ പാതകളും ട്രെയിനുകളുമടക്കമുള്ള ഈ ആവശ്യങ്ങൾ ഇനി എത്തുന്നത് കേരളത്തിന്റെ പ്രശ്നങ്ങൾ നേരിട്ടറിയാവുന്ന പുതിയ ജനറല്‍ മാനേജരുടെ മുന്നിലായിരിക്കുമെന്നത് സംസ്ഥാനത്തിന് ഏറെ പ്രതീക്ഷ നല്കുന്നു.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് മഹാപ്രളയമുണ്ടായപ്പോള്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നു സഹായങ്ങളെത്തിച്ചത് ജോൺ തോമസിന്റെ നേതൃത്വത്തിലായിരുന്നു. പൊതുജനങ്ങളുടെ പരാതിപരിഹാരത്തിലും ട്രെയിനുകളുടെ കൃത്യനിഷ്ഠയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിലും അദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധ പതിഞ്ഞിരുന്നു. പുതിയ ജനറല്‍ മാനേജർ അധികം താമസിയാതെ കേരളത്തിലെ വിവിധ സ്റ്റേഷനുകള്‍ നേരിട്ട് സന്ദര്‍ശിച്ച് ആവശ്യങ്ങള്‍ വിലയിരുത്തിയേക്കും.