ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യാനൊരുങ്ങി വിജിലൻസ്
Thursday, September 19, 2019 12:36 AM IST
കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ് അന്വേഷണ സംഘം.
മേൽപാലം നിർമിച്ച സ്വകാര്യകന്പനിക്ക് മുൻകൂറായി 8.25 കോടി രൂപ നൽകാൻ അനുമതി നൽകിയത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്ന് പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയതോടെയാണ് വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
കേസിൽ സൂരജ് അടക്കം നാല് പ്രതികളെ വിജിലൻസ് അറസ്റ്റുചെയ്തിരുന്നു. ഒരു തവണ ചോദ്യം ചെയ്ത ഇബ്രാഹിംകുഞ്ഞിനോട് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യകാരണങ്ങളാൽ ഇത് നീണ്ടുപോവുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ടാംഘട്ട ചോദ്യംചെയ്യൽ ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. അഴിമതിക്കേസിൽ സൂരജ് ഉൾപ്പെടെയുള്ള പ്രതികൾ അറസ്റ്റിലായപ്പോഴും കരാർ കന്പനിക്ക് നേരിട്ട് തുക നൽകാനുള്ള ഒരു ഫയലും താൻ കണ്ടിട്ടില്ലെന്നായിരുന്നു വി.കെ ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം. എന്നാൽ സൂരജ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ഇതിന് വിരുദ്ധമായ കാര്യങ്ങൾ വ്യക്തമാക്കിയതോടെ കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരായ കുരുക്ക് മുറുകുകയാണ്.
അതിനിടെ മേൽപാലം അഴിമതിക്കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് വിജിലൻസ്സംഘം അറിയിച്ചു. കേസിൽ കൂടുതൽപേരെ ചോദ്യം ചെയ്യേണ്ടതുണ്ട്. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പ്രതികളുടെ ജാമ്യാപേക്ഷ എതിർക്കുമെന്നും വിജിലൻസ് പറഞ്ഞു. ഇബ്രാഹിംകുഞ്ഞിനെതിരായ ആരോപണങ്ങൾ ശക്തമായതോടെ മേൽപാലം നിർമാണത്തിലെ അഴിമതിയിൽ കൂടുതൽ നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.