മരടിൽ വൻ പ്രതിഷേധവും സംഘർഷവും
Tuesday, September 17, 2019 12:53 AM IST
കൊച്ചി/മരട്: ഫ്ളാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനു നടപടികളുമായി നഗരസഭാ അധികൃതർ രംഗത്തുവന്നതു മരടിൽ ഇന്നലെ വൻ പ്രതിഷേധവും സംഘർഷവും സൃഷ്ടിച്ചു. ഒഴിഞ്ഞുപോകാൻ ഫ്ളാറ്റുടമകൾക്കു നൽകിയ സമയപരിധി ഞായറാഴ്ച അവസാനിച്ച സാഹചര്യത്തിലാണു നഗരസഭ തുടർനടപടികൾ ആരംഭിച്ചത്. ഓരോ താമസക്കാരുടെ പേരിലും പ്രത്യേകം നോട്ടീസ് നൽകാനായി ഇന്നലെ വൈകുന്നേരം കുണ്ടന്നൂരിലെ ഹോളി ഫെയ്ത്തിൽ എത്തിയ നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാനെ ഫ്ളാറ്റ് ഉടമകളും സ്ഥലം എംഎൽഎ എം. സ്വരാജും ചേർന്നു തടഞ്ഞു.
വൻ പോലീസ് സന്നാഹത്തോടെയാണു സെക്രട്ടറി ഫ് ളാറ്റിനു സമീപത്തെത്തിയത്. ഈ സമയം ഫ്ളാറ്റ് ഉടമകൾ ഗേറ്റ് അകത്തുനിന്നു താഴിട്ടു പൂട്ടി. എംഎൽഎയും സെക്രട്ടറിയുമായി വാക്കേറ്റവുമുണ്ടായി. ഇന്നു സർവകക്ഷി യോഗം ചേരാനിരിക്കേ നോട്ടീസ് പതിച്ചു പ്രകോപനം സൃഷ്ടിക്കുന്നതെന്തിനെന്ന് എംഎൽഎ സെക്രട്ടറിയോടു ചോദിച്ചു. ഔദ്യോഗിക കൃത്യനിർവഹണം നടത്താനാണ് താൻ എത്തിയതെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. നോട്ടീസ് പതിച്ചശേഷം സെക്രട്ടറി പിൻവാങ്ങി.
ഒഴിഞ്ഞുപോകുന്നവർക്കു പകരം താമസിക്കാനുള്ള സൗകര്യം നഗരസഭ ഒരുക്കിനൽകുമെന്നും ഈ സൗകര്യം വേണ്ടവർ ഇന്നുച്ചകഴിഞ്ഞു മൂന്നിനുള്ളിൽ നഗരസഭയെ അറിയിക്കണമെന്നും നോട്ടീസിൽ അറിയിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ വിവരം നൽകാത്തവർക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതിനുള്ള സൗകര്യം ലഭിക്കില്ലെന്നും നോട്ടീസിൽ പറയുന്നു.