മുഖ്യമന്ത്രി ഉറപ്പു നൽകി: ഐക്യകേരള പ്രസ്ഥാനം സമരം പിൻവലിച്ചു
Tuesday, September 17, 2019 12:01 AM IST
തിരുവനന്തപുരം: കെഎഎസ് ഉൾപ്പെടെ എല്ലാ പിഎസ്സി പരീക്ഷകളും മലയാളത്തിലാക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിനെ തുടർന്ന് പട്ടം പിഎസ് സി ആസ്ഥാനത്ത് 19 നാളായി നടത്തിവന്ന സമരം താത്കാലികമായി നിർത്തിവച്ചതായി ഐക്യകേരള പ്രസ്ഥാനം അറിയിച്ചു. സാങ്കേതിക പദാവലികളുടെ വിജ്ഞാനകോശം തയാറാക്കുന്നതിനുള്ള വിദഗ്ധ സമിതി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും അറിയിച്ചു. സമരത്തോടു സഹകരിച്ച എല്ലാവർക്കും സംഘടന നന്ദി അറിയിച്ചു.
ജനാധിപത്യാവകാശത്തിന്റെ അനിവാര്യമായ ഭാഗമാണു മാതൃഭാഷാവകാശമാമെന്നു കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ സമരം നിർണായക പങ്കു വഹിച്ചതായി സമിതി വിലയിരുത്തി.
മാതൃഭാഷയെ കേരളത്തിന്റെ ജനാധിപത്യ ബോധത്തിന്റെ ഭാഗമായി മാറ്റാനുള്ള പോരാട്ടങ്ങൾ പല നിലകളിൽ ഇനിയും തുടരുമെന്ന് ഐക്യകേരള പ്രസ്ഥാനം ചെയർമാൻ എ.ജി. ഒലീന, കണ്‍വീനർ ആർ. നന്ദകുമാർ എന്നിവർ അറിയിച്ചു.