കുട്ടികൾ തുടങ്ങി, നാട് ഏറ്റെടുത്തു; കാരുണ്യമായി സൗത്ത് വാഴക്കുളം ഇടവക
Sunday, September 15, 2019 12:19 AM IST
കൊച്ചി: ആദ്യകുർബാന സ്വീകരണശേഷം ജ്യോത്സനയും ജോണും തുടങ്ങിവച്ച നന്മ ഒരു നാടിന്റെ കാരുണ്യത്തിന്റെ മുഖമായി. ആദ്യകുർബാന സ്വീകരണ ദിനത്തിലും തുടർന്നും തങ്ങൾക്കു കിട്ടിയ സമ്മാനങ്ങളും പോക്കറ്റ് മണിയും ശേഖരിച്ചു പ്രകൃതിദുരന്തം അനുഭവിക്കുന്നവർക്കു സമ്മാനിച്ചാണു ആലുവ സൗത്ത് വാഴക്കുളം കാച്ചപ്പിള്ളി സാജന്റെയും ജീനയുടെയും മക്കൾ മാതൃകയായത്.
സൗത്ത് വാഴക്കുളം ഇൻഫന്റ് ജീസസ് ഇടവകയുടെ നേതൃത്വത്തിൽ പ്രകൃതിദുരന്തം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള ധനശേഖരണം, ജ്യോത്സനയും ജോണും തങ്ങളുടെ കുടുക്കയിലുണ്ടായിരുന്ന 27,000 രൂപ നൽകിയാണ് ആരംഭിച്ചത്. ഇവരുടെ മാതൃക മറ്റുള്ളവർക്കും ആവേശമായി. ഇടവകയിലെ എല്ലാ കുടുംബങ്ങളും സഹായനിധിയുമായി കൈകോർത്തപ്പോൾ സമാഹരിക്കാനായത് ഒന്നര ലക്ഷത്തിലധികം രൂപ.
എറണാകുളം - അങ്കമാലി അതിരൂപത സാമൂഹ്യസേവന വിഭാഗമായ സഹൃദയയുടെ ’നാമൊന്നായ് മലബാറിനൊപ്പം’ പദ്ധതി വഴിയാണു പള്ളിയുടെ സഹായമെത്തിക്കുന്നത്. പള്ളി വികാരി ഫാ. ആന്റോ ചാലിശേരി നേരത്തെ പ്രകൃതി ദുരന്ത മേഖലകളിൽ സന്നദ്ധപ്രവർത്തനത്തിനായി രൂപീകരിച്ച സഹൃദയയുടെ സമരിറ്റൻസ് ഗ്രൂപ്പിന്റെ ഭാഗമായി സേവനത്തിനെത്തിയിരുന്നു.
സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി വികാരി ഫാ. ആന്റോ ചാലിശേരിയിൽ നിന്നു തുക ഏറ്റുവാങ്ങി. കൈക്കാരന്മാരായ പൗലോസ് ഊറ്റാൻചേരി, ജോമോൻ പുന്നച്ചാലിൽ, ഫാമിലി യൂണിയൻ വൈസ് ചെയർമാൻ ഡെന്നി പൂവൻ എന്നിവർ നേതൃത്വം നൽകി.