മനം നിറച്ച് പുപ്പുലികൾ
Sunday, September 15, 2019 12:05 AM IST
തൃശൂർ: പെടച്ചു, പെടപെടച്ചു, മ്മടെ പുലിക്കളി. നഗരത്തെ പ്രകമ്പനം കൊള്ളിച്ച് ദേശമടകളിൽനിന്നെത്തിയ മനുഷ്യപ്പുപ്പുലികൾ. ആവേശം വാനോളമുയർത്തി കുടവയറൻ പുലികളും പെൺപുലികളും കുട്ടിപ്പുലികളും തൃശൂർ ഗഡികളെ ആനന്ദത്തിലാറാടിച്ചതു മണിക്കൂറുകളോളം. ഉത്സവഛായയ്ക്കു കൊഴുപ്പുകൂട്ടാൻ പ്രകൃതി പോലും ചെറുചാറ്റൽമഴ മാത്രമൊരുക്കി പുലിക്കളിക്കൊപ്പം നിന്നു.
പ്രളയത്തെത്തുടർന്ന് കഴിഞ്ഞവർഷം ഒഴിവാക്കിയ പുലിക്കളി ഇത്തവണ തൃശൂർക്കാർക്ക് അതിജീവനത്തിന്റെ ഉത്സവവുമായി. സായന്തനത്തെ ധന്യമാക്കി രാത്രി വൈകി പുലിക്കളിക്കു തിരശീല വീണതോടെ ഈ വർഷത്തെ ഓണാഘോഷത്തിനും ശുഭസമാപനം. പുലിക്കളിയാട്ടത്തിൽ മനംനിറഞ്ഞ് എല്ലാവരും വീട്ടിലേക്കു മടങ്ങുമ്പോൾ പുലികൾ പറഞ്ഞു- വീണ്ടും കാണാം, അടുത്തവർഷം.
ഒരുകാലത്തു പതിമൂന്നു മടകളിൽനിന്നു പുലികളെത്തിയിരുന്നെങ്കിലും ഇത്തവണ നഗരത്തെ വലംവച്ചത് ആറുമടകളിൽനിന്നുള്ള ചിമിട്ടൻ പുലികൾ. മേളത്തിനൊപ്പം അരമണി കിലുക്കി കുടവയർ ഇളക്കി നൃത്തച്ചുവടുകൾ വച്ച പുലിക്കൂട്ടങ്ങൾ വൈകുന്നേരം അഞ്ചോടെയാണ് സ്വരാജ് റൗണ്ടിലെത്തി പുലിക്കളിപ്രേമികളുടെ മനസ് കീഴടക്കിയത്. വിയ്യൂർ ദേശം, കോട്ടപ്പുറം സെന്റർ, തൃക്കുമാരക്കുടം, വിയ്യൂർ സെന്റർ, അയ്യന്തോൾ, കോട്ടപ്പുറം ദേശം എന്നിങ്ങനെയുള്ള പുലിസംഘങ്ങളാണ് മടകളിൽ നിന്നിറങ്ങി വൈവിധ്യമാർന്ന നിറക്കാഴ്ചകൾ പകർന്നുനൽകിയത്.
വൈകുന്നേരം അഞ്ചിനു ബിനി ജംഗ്ഷനിൽ കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ വിയ്യൂർ സെന്റർ പുലിസംഘത്തോടൊപ്പം ചേർന്ന് പുലിക്കളിയുടെ ഫ്ളാഗ് ഓഫ് നടത്തി. ഗവ.ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ടി.എൻ. പ്രതാപൻ എംപി, മേയർ അജിത വിജയൻ, മറ്റു ജനപ്രതിനിധികൾ എന്നിവരും സന്നിഹിതരായി.