കായിക പരിശീലകൻ എ. രാമകൃഷ്ണൻ നിര്യാതനായി
Saturday, September 14, 2019 11:53 PM IST
തൃക്കരിപ്പൂർ(കാസർഗോഡ്): പ്രമുഖ കായികപരിശീലകനും കായിക അധ്യാപക സംഘടന ദേശീയ ഉപാധ്യക്ഷനുമായിരുന്ന വലിയപറമ്പ് ഇടയിലെക്കാട്ടെ എ. രാമകൃഷ്ണൻ(74) നിര്യാതനായി. ആറുമാസമായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
ഫുട്ബോൾ, കബഡി, ടെന്നിക്കോയ്റ്റ് പരിശീലകനായിരുന്നു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ദേശീയ കായികവേദി കാസർഗോഡ് ജില്ലാ പ്രസിഡന്റ്, വലിയപറമ്പ് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്, തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി എന്നീനിലകളിലും പ്രവർത്തിച്ചു. കാസർഗോഡ് ജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. ഭാര്യ: റിട്ട. പ്രധാനാധ്യാപിക കെ.പി.സരോജിനി. മക്കൾ: രഞ്ജിത്(എൻജിനിയർ, ഡിസൈൻ ഗ്രൂപ്പ് പയ്യന്നൂർ), ശ്രീജിത്(ഖത്തർ). മരുമക്കൾ: നീന (കണ്ണൂർ ചൊവ്വ), ദിവ്യ(അധ്യാപിക, ബോവിക്കാനം സ്കൂൾ). സഹോദരങ്ങൾ: രോഹിണി( മൊറാഴ), മുകുന്ദൻ ആലപ്പടമ്പൻ (കേരള കൗമുദി ലേഖകൻ).
ഇന്ത്യൻ ഫുട്ബോൾ ടീമിനായി നിരവധിതവണ പ്രതിരോധക്കോട്ട കെട്ടിയ എടാട്ടുമ്മലിലെ എം. സുരേഷ്, മറ്റൊരു ദേശീയ താരം എം. മുഹമ്മദ് റാഫി, സന്തോഷ് ട്രോഫി മത്സരങ്ങളിൽ നിറസാന്നിധ്യമായിരുന്ന എ.ജി. മുഹമ്മദ് അസ്ലം തുടങ്ങി ഒരു ഡസനിലധികം ദേശീയ-സംസ്ഥാന ഫുട്ബോൾ പ്രതിഭകളെ മുന്നേറ്റനിരയിലെത്തിക്കുന്നതിൽ ഇദ്ദേഹം മുഖ്യപങ്കാളിത്തം വഹിച്ചിരുന്നു.