വിനോദസഞ്ചാരികളുമായെത്തിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ മരിച്ചു
Saturday, September 14, 2019 11:53 PM IST
മറയൂർ: തിരുവനന്തപുരത്തുനിന്നു മറയൂർ - കാന്തല്ലൂർ മേഖലകൾ സന്ദർശിക്കാനെത്തിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം കണ്ടള കരിങ്കൽഭാഗം സ്വദേശി സഞ്ചുഭവനിൽ സതീഷ് കുമാർ (44) നെ കാന്തല്ലൂരിലെ റിസോർട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തുനിന്നും 27 പേരടങ്ങുന്ന സംഘം കാന്തല്ലൂർ ഗുഹനാഥപുരം ഭാഗത്തുള്ള റിസോർട്ടിൽ എത്തിയത്. ഇവർ വന്ന ബസിലെ സഹായിയായിരുന്നു സതീഷ് കുമാർ. ഇന്നലെ കാന്തല്ലൂരിൽനിന്നും തിരികെ പുറപ്പെടുന്നതിനായി തയാറെടുക്കുന്പോഴാണു സംഭവം. രാവിലെ ആറിന് ബസിന്റെ ഡ്രൈവർ അഭിലാഷുമായെത്തി കട്ടൻചായ കുടിക്കുകയും സംസാരിക്കുകയും ചെയ്തശേഷമാണ് കുളിക്കുന്നതിനായി 6.15-ന് സതീഷ് കുമാർ കുളിമുറിയിലേക്ക് കയറിയത്.
പിന്നീട് അരമണിക്കൂറിലേറെയായി കാണാത്തതിനെത്തുടർന്ന് മുട്ടിവിളിച്ചെങ്കിലും ബാത്ത്റൂമിൽനിന്നും വെള്ളം വീഴുന്ന ശബ്ദമാണ് കേട്ടത്. വിളിച്ചിട്ടും മറുപടി ഇല്ലാത്തതിനെതുടർന്ന് ഒപ്പമുണ്ടായിരുന്നവരെകൂട്ടി ബാത്ത് റൂമിന്റെ കതകുപൊളിച്ച് നോക്കിയപ്പോൾ നിശ്ചലാവസ്ഥയിൽ കിടക്കുകയായിരുന്നു. പെട്ടെന്നുതന്നെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മറയൂർ പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ വി.എം. മജീദിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.