ഫാ. മാലിപ്പറന്പിൽ ചരമവാർഷിക ദിനാചരണം ആർപ്പൂക്കരയിൽ ഇന്ന്
Saturday, September 14, 2019 12:32 AM IST
ആർപ്പൂക്കര: മിഷൻലീഗ് സ്ഥാപക ഡയറക്ടറും മഹാമിഷണറിയുമായ ഫാ. ജോസഫ് മാലിപ്പറന്പിലിന്റെ 21-ാം ചരമവാർഷികം അദ്ദേഹത്തിന്റെ മാതൃഇടവകയായ കോട്ടയം ആർപ്പൂക്കര ചെറുപുഷ്പം ഇടവകയിൽ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ആചരിക്കും. രാവിലെ 8.45ന് പതാക ഉയർത്തൽ. ഒന്പതിന് വിശുദ്ധ കുർബാന. 10ന് ചെറുപുഷ്പം പാരീഷ് ഹാളിൽ അനുസ്മരണ സമ്മേളനം. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടർ ഫാ. ജോബി പൂച്ചുകണ്ടത്തിൽ, അവാർഡ് ജേതാവ് റവ. ഡോ. ഫ്രാൻസിസ് ചീരങ്കൽ എന്നിവർ പ്രസംഗിക്കും.
കുഞ്ഞേട്ടൻ സ്കോളർഷിപ്പ് വിതരണം ചെറുപുഷ്പം ഇടവക വികാരി ഫാ. ടോജി പുതിയാപറന്പിലും യുവപ്രതിഭാ പുരസ്കാര വിതരണം ബിനോയി പള്ളിപ്പറന്പിലും നിർവഹിക്കും. എഫ്. സ്നേഹ സംഗീതം ആലപിക്കും. അരുൺ ജോസ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. എം.എസ്.ടി സഭ സുപ്പീരിയർ ഫാ.ആന്റണി പെരുമാനൂർ, ജോൺസ് കുടമാളൂർ,ആലീന ജയ്മോൻ, ജോൺസൺ കാഞ്ഞിരക്കാട്ട് എന്നിവർ പ്രസംഗിക്കും. തുടർന്ന് അലോഷ്യസ് സണ്ണിയും സംഘവും അവതരിപ്പിക്കുന്ന സംഘ നൃത്തം. 11.30ന് മാലിപ്പറന്പിലച്ചന്റെ കബറിടത്തിൽ നടക്കുന്ന പ്രാർഥനയോടെ അനുസ്മരണ സമ്മേളനം സമാപിക്കും. 12ന് മാനേജിംഗ് കമ്മിറ്റി.