മഫ്ളർ "ഭീകരനാക്കി'; യുവഎൻജിനിയറെ തടഞ്ഞുവച്ചു
Sunday, August 25, 2019 12:03 AM IST
കോട്ടയം: ഭീകരനെന്നു സംശയിച്ചു യുവ എൻജിനിയറെ പോലീസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. ഒടുവിൽ യാഥാർഥ്യം മനസിലാക്കിയ പോലീസ് പോകാൻ അനുവദിച്ചു. തെറ്റിദ്ധാരണയുടെ പേരിൽ വർക്കല സ്വദേശിയായ യുവ എൻജിനിയറെയാണു പോലീസ് തടഞ്ഞുവച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ കിടങ്ങൂരിലാണു സംഭവം.
പാലാ വഴി തിരുവനന്തപുരത്തിനു പോകുന്ന കെഎസ്ആർടിസി ബസിലിരുന്ന് ഒരാൾ സംശയാസ്പദമായ സാഹചര്യത്തിൽ ഫോണ്‍ ചെയ്യുന്നുണ്ടെന്ന് ആരോ കണ്ട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഘം കിടങ്ങൂരിൽ വച്ചു ഈ ബസ് തടഞ്ഞു പരിശോധന നടത്തി. തുടർന്നാണ് സംശയാസ്പദമായി മഫ്ളർ ധരിച്ചു കണ്ട വർക്കല സ്വദേശിയെ പിടികൂടിയത്. ഇദ്ദേഹത്തെ കിടങ്ങൂർ സ്റ്റേഷനിലെത്തിച്ചു. ഒടുവിൽ രണ്ടര മണിക്കൂർ ചോദ്യം ചെയ്തതോടെയാണ് ആൾ നിരപരാധിയാണെന്നു പോലീസിനു വ്യക്തമായത്. വാഗമണ്‍ സന്ദർശത്തിന് ശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു ഇദ്ദേഹം.
ബസിലിരുന്നു കാറ്റടിക്കേണ്ടെന്നു കരുതിയാണ് ചെവി മറയ്ക്കുന്ന മഫ്ളർ ധരിച്ചത്. മഫ്ളർ ധരിച്ചു ഫോണിൽ സംസാരിച്ചതാണു തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ഒടുവിൽ ഇദ്ദേഹത്തെ പോകാൻ അനുവദിച്ചു.