സഭയെ തകർക്കാൻ ഗൂഢാലോചന: കത്തോലിക്കാ കോണ്‍ഗ്രസ്
Saturday, August 24, 2019 12:39 AM IST
കൊച്ചി: ഏതാനും ചിലർ സഭയെ തകർക്കാൻ ഗൂഢാലോചന നടത്തുന്നതായി കത്തോലിക്കാ കോണ്‍ഗ്രസ്. ഏതെങ്കിലും വിഷയത്തിൽ സഭാംഗങ്ങൾക്ക് ആശങ്കയോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കിൽ ചർച്ചകളിലൂടെ പരിഹരിക്കാൻ സിനഡ് അവസരം നൽകിയിട്ടും സഭയെ പൊതുസമൂഹത്തിൽ അകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതിൽ കടുത്ത പ്രതിഷേധമുണ്ട്.
ക്രൈസ്തവികമല്ലാത്ത ആഹ്വാനങ്ങളും പ്രതിഷേധങ്ങളും അവസാനിപ്പിച്ചു സഭയോടു ചേർന്നു പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. പ്രതിഷേധങ്ങളിലൂടെ സഭയെ അപകീർത്തിപ്പെടുത്തി കൂട്ടായ്മ തകർക്കാനുള്ള പ്രവർത്തനങ്ങളെ സമുദായം ഒറ്റക്കെട്ടായി നേരിടുമെന്നും ഭാരവാഹികൾ അറിയിച്ചു. കത്തോലിക്കാ കോണ്‍ഗ്രസിന്റെ എല്ലാ ഘടകങ്ങളും സജീവമായി സഭയെ സംരക്ഷിക്കാൻ സജ്ജമാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചകുന്നേൽ, ട്രഷറർ പി.ജെ. പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.