സാക്ഷരതാ പ്രേരക്മാരുടെ വേതനം; കമ്മീഷൻ റിപ്പോർട്ട് ഇനിയും സമർപ്പിച്ചില്ല
Monday, August 19, 2019 12:32 AM IST
കണ്ണൂർ: സംസ്ഥാന സാക്ഷരതാ മിഷനു കീഴിൽ പ്രവർത്തിക്കുന്ന പ്രേരക്മാരുടെ വേതനത്തെക്കുറിച്ചുള്ള പരാതികൾ അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു നിർദേശിച്ച് നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാരിനു സമർപ്പിച്ചില്ല. കഴിഞ്ഞ മാർച്ചിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.വി. മുരളീധരനെ സർക്കാർ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്.
സാക്ഷരതാ പ്രേരകുമാരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് സംഘടനാഭാരവാഹികളും മറ്റും കമ്മീഷൻ മുന്പാകെ പരാതികൾ ബോധിപ്പിച്ചിരുന്നു. സംസ്ഥാനത്ത് രണ്ടായിരത്തോളം പ്രേരകുമാരാണുള്ളത്. സംസ്ഥാന പദ്ധതികളുടെ പഞ്ചായത്ത് കോ-ഓർഡിനേറ്റർമാരാണ് പ്രേരക്മാർ. അവർക്ക് പ്രതിദിനം 400 രൂപയാണ്വേതനം. ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ നോഡൽ പ്രേരക്മാർക്ക് ദിവസം ലഭിക്കുന്നത് 500 രൂപയുമാണ്. എങ്കിലും ഒരു മാസത്തെ ദിവസങ്ങളുടെ എണ്ണപ്രകാരം ഇവർക്ക് തുക ലഭിക്കാറില്ലെന്നതാണ് പ്രധാന പരാതി.
പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിൽ 51 പേരുടെ രജിസ്ട്രേഷൻ ഉറപ്പുവരുത്തിയില്ലെങ്കിൽ ശന്പളത്തിൽ 10 ശതമാനവും വെട്ടിക്കുറയ്ക്കും. നാല്, ഏഴ് ക്ലാസുകളിൽ പഠിതാക്കളുടെ എണ്ണത്തിൽ കുറവു വന്നാൽ വീണ്ടും 10 ശതമാനവും കുറയ്ക്കും.
എല്ലാ കുറയ്ക്കലുകളും കഴിച്ച് പല സാക്ഷരതാ പ്രേരക്മാർക്കും ലഭിക്കുന്നത് ഏകദേശം 8000 രൂപ മാത്രമാണ്. ഇതും കൃത്യമായി ലഭിക്കാറില്ല. ഇപ്പോൾത്തന്നെ മേയ് മാസം വരെയുള്ള തുകയേ ലഭിച്ചിട്ടുള്ളൂ.