കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു
Thursday, May 23, 2019 12:39 AM IST
ഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. പാട്ടവയൽ കാരക്കുനി കുറുമക്കൊല്ലി ബാലകൃഷ്ണനാണ്(51) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്പതോടെ പാട്ടവയലിലുള്ള കടയിലെ ജോലികഴി ഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണൻ ബത്തേരി താലൂക്ക് ഗവ.ആശുപത്രിയിൽനിന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാ ണ് മരണംസംഭവിച്ചത്. രാത്രി വൈത്തിരി ഗവ.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഭാര്യ: തങ്കമണി.
കഴിഞ്ഞ ദിവസം പാട്ടവയൽ ചെക്പോസ്റ്റിന് സമീപം ആദിവാസി യുവാവ് മണിയെ കാട്ടാന ആക്രമിച്ചിരുന്നു. ചെക്പോസ്റ്റിൽനിന്നു പാട്ടവയലിലേക്ക് നടന്നുവരുന്നതിനിടെയാണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചത്. മണി കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാട്ടവയൽ ഭാഗത്തു ജനങ്ങളുടെ ജീവനു ഭീഷണിയായ ആനയെ ഉൾവനത്തിലേക്കു തുരത്തണമെന്ന ആവശ്യം ശക്തമാണ്.