വി എസ് സർക്കാരിൽ സിപിഐ മന്ത്രിമാർ അവഗണിക്കപ്പെട്ടുവെന്നു സി. ദിവാകരൻ
Sunday, May 19, 2019 2:01 AM IST
തിരുവനന്തപുരം: കഴിഞ്ഞ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു ധന മന്ത്രിയായിരുന്ന ടി.എം. തോമസ് ഐസക് സിപിഐ മന്ത്രിമാരുടെ ഫയലുകൾ പിടിച്ചുവയ്ക്കുമായിരുന്നുവെന്നു സിപിഐ നേതാവ് സി. ദിവാകരൻ എംഎൽഎ. തോമസ് ഐസക്കിനെന്താ കൊമ്പുണ്ടോയെന്ന് അന്നു മന്ത്രിയായിരുന്ന താൻ ചോദിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
റവന്യു മന്ത്രിയുടെ പഴ്സണൽ സെക്രട്ടറിയായിരുന്ന ഡി. സാജു അനുസ്മരണ സമ്മേളനത്തിൽ കഴിഞ്ഞ ദിവസം പ്രസംഗിക്കവേയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥികൂടിയായിരുന്ന സി. ദിവാകരൻ ആരോപണം ഉന്നയിച്ചത്.
വി.എസ്. സർക്കാരിന്റെ കാലത്ത് സിപിഐ മന്ത്രിമാർക്ക് അവഗണ നേരിട്ടിരുന്നു. സിപിഐ മന്ത്രിമാരുടെ വകുപ്പുകളിലെ ഫയലുകൾ പിടിച്ചുവയ്ക്കുന്നതു പതിവാണെന്നും അദ്ദേഹം ആരോപിച്ചു. വി.എസ്.അച്യുതാനന്ദൻ അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മീഷൻ സന്പൂർണ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.