ശിവഗിരിയിൽ 70 കോടിയുടെ അടിസ്ഥാന സൗകര്യ വികസനമെന്നു കേന്ദ്രമന്ത്രി കണ്ണന്താനം
Monday, February 11, 2019 1:20 AM IST
തിരുവനന്തപുരം: ശിവഗിരിയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 70 കോടി രൂപയാണു കേന്ദ്ര സർക്കാർ മുടക്കുന്നതെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ശ്രീനാരായണ തീർഥാടന ടൂറിസം സർക്യൂട്ടിന്റെ ഉദ്ഘാടനം ശിവഗിരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം മേഖലയിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന 580 കോടി രൂപയുടെ പദ്ധതികളിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്. കഴിഞ്ഞ വർഷം ടൂറിസത്തിലൂടെ ലഭിച്ചത് 16.5 ലക്ഷം കോടി രൂപയാണ്. വിദേശ ടൂറിസ്റ്റുകളെക്കാൾ ആഭ്യന്തര ടൂറിസ്റ്റുകളിൽ നിന്നാണ് വരുമാനത്തിലേറെയും. ആഭ്യന്തര ടൂറിസ്റ്റുകളിൽ തന്നെ മതപരമായ ടൂറിസ്റ്റുകളാണ് ഭൂരിപക്ഷം. മതപരമായ ടൂറിസവുമായി ബന്ധപ്പെട്ട് 133 ആരാധനാലയങ്ങൾക്ക് 85 കോടിയാണ് അടിസ്ഥാനസൗകര്യങ്ങൾക്കായി ചെലവിടുന്നതെന്നും കണ്ണന്താനം പറഞ്ഞു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംപിമാരായ ഡോ.എ.സന്പത്ത്, റിച്ചാർഡ് ഹേ, വി.ജോയി എംഎൽഎ, ഐടിഡിസി ചെയർപേഴ്സണ് നവ്നീത് കൗർ, ഡയറക്ടർ കെ.പദ്മകുമാർ, വൈസ് പ്രസിഡന്റ് രവി പണ്ഡിറ്റ്, വർക്കല നഗരസഭാ ചെയർപേഴ്സണ് ബിന്ദു ഹരിദാസ്, ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ പ്രസംഗിച്ചു.