ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ്: ആദ്യദിനം കേരളത്തിന് ഒരു സ്വർണവും രണ്ട് വെള്ളിയും
Monday, February 11, 2019 12:30 AM IST
നദിയാദ് (ഗുജറാത്ത്): 64-ാമത് ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് പെണ്‍കുട്ടികളുടെ പോരാട്ടത്തിൽ ആദ്യദിനം കേരളത്തിന് ഒരു സ്വർണവും മൂന്ന് വെള്ളിയും. സീനിയർ തലത്തിൽ ചരിത്രത്തിൽ ആദ്യമായി പെണ്‍കുട്ടികൾക്കും ആണ്‍കുട്ടികൾക്കും വ്യത്യസ്ത ദിവസങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നതിലൂടെ ഇത്തവണത്തെ മീറ്റ് നേരത്തേ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
ചാട്ടം പിഴച്ചില്ല
ചാട്ടത്തിലൂടെ ഒരു സ്വർണവും രണ്ട് വെള്ളിയും ഉൾപ്പെടെ മൂന്ന് മെഡലുകളാണ് ഇന്നലെ മലയാളി താരങ്ങൾ സ്വന്തമാക്കിയത്. ഹൈജംപിൽ മെറിൻ ബിജുവിലൂടെയാണ് കേരളത്തിന് സ്വർണമെത്തിയത്. 1.74 മീറ്ററാണ് മെറിൽ ഉയർന്നുചാടിയത്. 1.72 മീറ്റർ ചാടിയ എം. ജിഷ്ന കേരള അക്കൗണ്ടിൽ വെള്ളിയും എത്തിച്ചു. അതോടെ ഹൈജംപിൽ കേരളത്തിന്റെ ആധിപത്യം.
പോൾവോട്ടിൽ നിവ്യ ആന്റണിയിലൂടെയും വെള്ളിയെത്തി. 3.50 മീറ്റർ പോളിൽകുത്തിപ്പറന്നാണ് നിവ്യ വെള്ളി സ്വന്തമാക്കിയത്.
100 മീറ്റർ പോരാട്ടത്തിൽ കേരളത്തിന്റെ ആൻസി സോജൻ വെള്ളിയണിഞ്ഞു. തമിഴ്നാടിന്റെ ആർ. ഗിരിധാറാണിക്കാണ് സ്വർണം. 11.81 സെക്കൻഡിൽ ഗിരിധാറാണി ഫിനിഷിംഗ് ലൈൻതൊട്ടപ്പോൾ ആൻസി 11.82 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി. കർണാടകയുടെ ജോഷ്ന സിമോയ് (11.86 സെക്കൻഡ്) വെങ്കലം നേടി.
റിക്കാർഡ്
ഹാമർത്രോയിൽ ഡൽഹിയുടെ ഹർഷിത ഷെഖാവത് മീറ്റ് റിക്കാർഡോടെ സ്വർണമണിഞ്ഞു. കഴിഞ്ഞ വർഷം ഹർഷിതതന്നെ കുറിച്ച 50.23 മീറ്റർ എന്ന ദൂരം 60.38 ആക്കി ഹർഷിത തിരുത്തി.