കേരള ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
Wednesday, September 4, 2024 10:49 PM IST
തിരുവനന്തപുരം: കേരള ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഉത്പാദന സ്ഥലത്തുനിന്നും കന്പോളത്തിലേക്കും ഉപഭോക്താക്കളിലേക്കും മത്സരക്ഷമത നിലനിർത്തി അതിവേഗത്തിലും ശ്രദ്ധയോടെയും ഉത്പന്നങ്ങൾ എത്തിക്കുന്ന ബൃഹത്തായ ശൃംഖലാ സംവിധാനമാണ് ലോജിസ്റ്റിക്സ്.
ഓണ്ലൈൻ വഴിയുള്ള വിപണനം വർധിച്ച കാലഘട്ടത്തിൽ ലോജിസ്റ്റിക്സ് മേഖലയെ മുൻനിർത്തി പ്രത്യേക നയരൂപീകരണം ആവശ്യമായതിനാലും വിദേശ നിക്ഷേപം ഉൾപ്പെടെയുള്ള നിരവധി നിക്ഷേപ സാധ്യതകളുള്ള മേഖലയായതിനാലും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനാലും പ്രാധാന്യം നൽകും. നിക്ഷേപസാധ്യത ഉയർത്താൻ കർമ പദ്ധതി തയാറാക്കും.
വ്യവസായ നയത്തിലെ മുൻഗണനാ മേഖലയിലും ലോജിസ്റ്റിക്സ്/പാക്കേജിംഗ് വിഭാഗം ഉൾപ്പെടുത്തി. റോഡ് ശൃംഖലയും, റെയിൽ, പോർട്ട്, ജലഗതാഗതം എന്നിവയുടെ ആനുകൂല്യവും, വിഴിഞ്ഞം, കൊച്ചി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര തുറമുഖങ്ങളുടെ സാന്നിധ്യവും ലോജിസ്റ്റിക്സ് മേഖലയ്ക്ക് അനുകൂല ഘടകങ്ങളാണ്.
സർക്കാർ അംഗീകരിച്ച വ്യവസായ പാർക്കുകളുമായി ബന്ധപ്പെട്ട ലാൻഡ് പോളിസിയിലും കെഎസ്ഐഡിസി, കിൻഫ്ര ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ സംരംഭകർക്ക് നൽകുന്ന അടിസ്ഥാന സൗകര്യങ്ങളിലും ലോജിസ്റ്റിക്സ് മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകും.
ശക്തമായ ലോജിസ്റ്റിക്സ് കണക്ടിവിറ്റിയുടെ പ്രാധാന്യം മനസിലാക്കി, ലോജിസ്റ്റിക്സ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഡിജിറ്റലൈസേഷനും സാങ്കേതിക വിദ്യകളും പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ നടപടി ഉൾപ്പെടുത്തി.
ഇതിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി, മിനി മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ സംസ്ഥാനത്ത് തുടങ്ങുമെന്ന പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് ലോജിസ്റ്റിക്സ് പാർക്ക് നയം.
10 ഏക്കറിൽ വലിയ ലോജിസ്റ്റിക് പാർക്ക്; അഞ്ച് ഏക്കറിൽ മിനി പാർക്ക്
തിരുവനന്തപുരം: ലോജിസ്റ്റിക്ക് പാർക്ക് നയപ്രകാരം കുറഞ്ഞത് 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വലിയ ലോജിസ്റ്റിക് പാർക്കുകളും 5 ഏക്കറിൽ മിനി ലോജിസ്റ്റിക് പാർക്കുകളും സ്ഥാപിക്കാം. ഈ പാർക്കുകളിൽ ചരക്ക് കൈകാര്യം ചെയ്യൽ, ഇന്റർ മോഡൽ ട്രാൻസ്ഫർ സൗകര്യങ്ങൾ, ഇന്റേണൽ റോഡ് നെറ്റ്വർക്കുകൾ പോലുള്ള അടിസ്ഥാന സൗകര്യ ഘടകങ്ങൾ, ഡോർമിറ്ററികൾ, മെഡിക്കൽ സെന്ററുകൾ തുടങ്ങിയ നോണ്-കോർ ഘടകങ്ങൾ എന്നിവ ഉൾപ്പെടും.
ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ഒരു ലോജിസ്റ്റിക്സ് കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റിക്ക് ഈ മേഖലയിലെ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള അധികാരമുണ്ടാകും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ലോജിസ്റ്റിക്സ് സെല്ലും നയം വിഭാവനം ചെയ്യുന്നു.
ഈ സംവിധാനമായിരിക്കും ലോജിസ്റ്റിക്സ് ആക്ഷൻ പ്ലാൻ നടപ്പാക്കുക. ഇതിനു പുറമേ പ്രത്യേകമായി സിറ്റി ലോജിസ്റ്റിക്സ് കോർഡിനേഷൻ കമ്മിറ്റികളും നഗരതലത്തിൽ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി രൂപീകരിക്കും.
ലോജിസ്റ്റിക്സ് പാർക്കുകൾക്കും മിനി ലോജിസ്റ്റിക്സ് പാർക്കുകൾക്കുമായി ഏകജാലക ക്ലിയറൻസ് സംവിധാനം രൂപീകരിക്കാനും പോളിസിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഒരു ലോജിസ്റ്റിക്സ് പാർക്കിന് പരമാവധി ഏഴു കോടി രൂപവരെയും, മിനി ലോജിസ്റ്റിക്സ് പാർക്കിന് മൂന്നു കോടി രൂപവരെയും മൂലധന സബ്സിഡി ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കും. ലോജിസ്റ്റിക്സ്/മിനി ലോജിസ്റ്റിക്സ് പാർക്ക് ഒരുക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്പോഴും ലീസിനെടുക്കുന്പോഴും സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകും.
പൊതു സ്വകാര്യ പങ്കാളിത്തത്തിലും, പൂർണമായും സ്വകാര്യമേഖലയിലെ പാർക്കെന്ന നിലയിലും കേരളത്തിൽ ലോജിസ്റ്റിക്സ്/മിനി ലോജിസ്റ്റിക്സ് പാർക്കുകൾ ആരംഭിക്കാൻ നയത്തിലൂടെ സാധിക്കുന്നതാണ്.