ഇന്ത്യയുടെ പിങ്ക് ബോൾ പരിശീലനമത്സരം ഇന്ന്
Friday, November 29, 2024 11:37 PM IST
അഡ്ലെയ്ഡ്: ടീം ഇന്ത്യക്ക് ഇന്നും നാളെയും പിങ്ക് ട്രയൽ. ഡിസംബർ ആറു മുതൽ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിനു മുന്നോടിയായി ഇന്ത്യയുടെ പിങ്ക് ബോൾ പരിശീലന മത്സരം ഇന്നും നാളെയും അരങ്ങേറും.
ജാക് എഡ്വേർഡ് നയിക്കുന്ന ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനാണ് ഇന്ത്യൻസിനെതിരേ ഇറങ്ങുക. പെർത്ത് ടെസ്റ്റിൽ ഇല്ലാതിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യൻ സംഘത്തിനൊപ്പം ചേർന്നിട്ടുണ്ട്. പരന്പരയിലെ രണ്ടാം ടെസ്റ്റ് പിങ്ക് ബോൾ ഉപയോഗിച്ചുള്ള ഡേ-നൈറ്റ് പോരാട്ടമാണ്.
പിങ്ക് ചരിത്രം
ഇന്ത്യ ഇതുവരെ നാലു പിങ്ക് ബോൾ ടെസ്റ്റ് കളിച്ചു. അതിൽ മൂന്നിലും ജയിച്ചു. ഒരു തോൽവി 2020ൽ ഓസ്ട്രേലിയയ്ക്കെതിരേയായിരുന്നു. അഡ്ലെയ്ഡിൽ നടന്ന അന്നത്തെ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 36 റണ്‍സിനു പുറത്തായിരുന്നു എന്നതും ശ്രദ്ധേയം.
ഓസ്ട്രേലിയ ഇതുവരെ 12 പിങ്ക് ടെസ്റ്റ് കളിച്ചു. അതിൽ 11ലും ജയിച്ചു. ഈ വർഷം ആദ്യം വെസ്റ്റ് ഇൻഡീസിന് എതിരേയായിരുന്നു ഓസീസിന്റെ ആദ്യ പിങ്ക് ബോൾ പരാജയം.
രോഹിത് - ഗിൽ
പരിക്കിനെത്തുടർന്ന് ആദ്യ ടെസ്റ്റിനില്ലാതിരുന്ന രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിൽ മാറ്റംവരും. പെർത്ത് ടെസ്റ്റിൽ കെ.എൽ. രാഹുൽ ആയിരുന്നു യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണ്‍ ചെയ്തത്.
രോഹിത്തും ഗില്ലും തിരിച്ചെത്തിയതോടെ രാഹുലിന്റെ സ്ഥാനം മധ്യനിരയിലേക്ക് മാറാനാണ് സാധ്യത. സ്കോട്ട് ബോലണ്ട്, മാറ്റ് റെൻഷോ എന്നിവർക്കൊപ്പം അണ്ടർ 19 ഹീറോസാണ് ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുവേണ്ടി ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാവിലെ 9.10നാണ് മത്സരം.