ഇന്ത്യ x ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ് രാവിലെ 9.30ന്
Wednesday, October 16, 2024 1:12 AM IST
ബംഗളൂരു: ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ ഭാഗമായുള്ള പുതിയൊരു പരന്പരയ്ക്ക് ടീം ഇന്ത്യ ഇറങ്ങുന്നു.
രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ടോം ലാഥമിന്റെ ക്യാപ്റ്റൻസിയിലിറങ്ങുന്ന ന്യൂസിലൻഡിനെ ഇന്നു നേരിടും. ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയം പെരിയ പോരാട്ടത്തിനാണ് സാക്ഷ്യംവഹിക്കുക. പരന്പരയിൽ മൂന്നു മത്സരങ്ങളാണുള്ളത്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പര 2-0നു തൂത്തുവാരിയതിന്റെ ആവേശം ഇന്ത്യക്കുണ്ട്. മറുവശത്ത് ശ്രീലങ്കൻ പര്യടനത്തിൽ 2-0നു പരന്പര അടിയറവച്ചതിന്റെ ക്ഷീണത്തിലാണ് കിവീസ്.
ഇന്ത്യൻ ചിന്നസ്വാമി
ചിന്നസ്വാമി സ്റ്റേഡിയത്തിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യൻ ടീം ടെസ്റ്റ് ക്രിക്കറ്റിൽ തോൽവി അറിഞ്ഞിട്ടില്ല. 2005 മാർച്ചിൽ പാക്കിസ്ഥാനെതിരേയായിരുന്നു ചിന്നസ്വാമിയിൽ ഇന്ത്യയുടെ അവസാന തോൽവി. ഈ സ്റ്റേഡിയത്തിൽ ഇന്ത്യ ഇതുവരെ 24 ടെസ്റ്റുകൾ കളിച്ചു. അതിൽ ഒന്പത് ജയവും ഒന്പത് സമനിലയും നേടി. ആറെണ്ണത്തിൽ പരാജയപ്പെട്ടു.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിന് ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. ഇരുടീമും ഈ മൈതാനത്തു നേർക്കുനേർ ഇറങ്ങിയ മൂന്നു ടെസ്റ്റിലും ഇന്ത്യക്കായിരുന്നു ജയം.
ഐസിസി ലോകകപ്പ് ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം ഫൈനൽ എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഗൗതം ഗംഭീറിന്റെ ശിക്ഷണത്തിൽ ഇന്ത്യ ഇറങ്ങുന്ന രണ്ടാമത് ടെസ്റ്റ് പരന്പരയാണ്.
ന്യൂസിലൻഡിനെതിരായ പരന്പര തൂത്തുവാരിയാൽ ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ഫൈനലിൽ പ്രവേശിക്കാം. 74.24 പോയിന്റ് ശതമാനത്തോടെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ടേബിളിൽ ഇന്ത്യയാണ് ഒന്നാമത്. 62.50 ഉള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുണ്ട്. പോയിന്റ് ടേബിളിൽ ആദ്യ രണ്ടു സ്ഥാനക്കാരാണ് ഫൈനലിൽ ഏറ്റുമുട്ടുക.
പിച്ച് റിപ്പോർട്ട്
എം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് ബാറ്റർമാർക്കു പിന്തുണ നൽകിയ ചരിത്രമാണ് ഇന്നുവരെയുള്ളത്. മൈതാനത്തിലെ ചെറിയ ബൗണ്ടറികൾ ബൗളർമാർക്ക് ഒട്ടും ആശ്വാസകരമല്ല. എന്നിരുന്നാലും മത്സരത്തിന്റെ തുടക്കത്തിൽ പേസർമാർക്ക് ആനുകൂല്യം ലഭിക്കും. സ്വിംഗും ബൗണ്സും ആദ്യ മണിക്കൂറുകളിൽ ലഭിക്കുന്നതായാണ് കണ്ടുവന്നിട്ടുള്ളത്. എന്നാൽ, പതുക്കെ സ്പിന്നിന് അനുകൂലമായി പിച്ച് മാറും.
മഴ കളിക്കും
ഇന്നലെ രാവിലെ ഇന്ത്യൻ ടീമിന്റെ പരിശീലന സെഷൻ മഴയെത്തുടർന്നു മുടങ്ങിയിരുന്നു. മഴയെത്തുടർന്ന് ഇരുടീമിന്റെയും പരിശീലം ഇൻഡോറിലേക്കു മാറ്റിയിരുന്നു എന്നതും ശ്രദ്ധേയം.
കാലാവസ്ഥാ പ്രവചനമനുസരിച്ച് ടെസ്റ്റിന്റെ ആദ്യരണ്ടു ദിനങ്ങളിൽ 70-90 ശതമാനം മഴയ്ക്കു സാധ്യതയുണ്ട്. മൂന്നാംദിനം 67 ശതമാനം മഴ സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടീം ഫോക്കസ്
കെയ്ൻ വില്യംസണ് ന്യൂസിലൻഡ് സംഘത്തിനൊപ്പം ആദ്യ മത്സരത്തിനില്ലെന്നത് സന്ദർശകരുടെ ബാറ്റിംഗ് ലൈനപ്പിനു തിരിച്ചടിയാണ്.
ടിം സൗത്തി ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചപ്പോഴാണ് ടോം ലാഥമിന്റെ തലയിൽ ആ ക്യാപ് എത്തിയത്. 2021 നവംബറിൽ മുംബൈ ടെസ്റ്റിൽ ന്യൂസിലൻഡിനെ ടോം ലാഥം നയിച്ചിരുന്നു.
കെയ്ൻ വില്യംസണിന്റെ അഭാവത്തിലായിരുന്നു അത്. പേസർ ബെൻ സിയേഴ്സ് പരിക്കേറ്റു പുറത്തായതോടെ പകരമായി ജേക്കബ് ഡഫി ന്യൂസിലൻഡ് ടീമിലെത്തിയിട്ടുണ്ട്.
ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനിൽ കളിക്കുമോ എന്നതു കണ്ടറിയണം. രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവർക്കു പുറമേ സ്പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ് പ്ലേയിംഗ് ഇലവനിൽ കളിച്ചേക്കും. വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയ്ക്കൊപ്പം ആകാശ് ദീപായിരിക്കും ഇന്ത്യൻ പേസ് ആക്രണത്തിനു ചുക്കാൻപിടിച്ചേക്കുക.