"മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ല, കുട്ടി കേട്ടു പഠിച്ചതാകാം'
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ പത്തുവയസുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് ആരും പഠിപ്പിച്ചിട്ടല്ലെന്ന് കുട്ടിയുടെ പിതാവ്. പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ കുടുംബ സമേതം പങ്കെടുക്കാറുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രതിഷേധ സമരങ്ങളിൽ മുദ്രാവാക്യം നേരത്തേയും ഉപയോഗിച്ചിട്ടുണ്ട്. അവിടെനിന്നും കാണാതെ പഠിച്ചതാകാം കുട്ടിയെന്നും പിതാവ് പറഞ്ഞു

പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങളിൽ ഉൾപ്പെടെ ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. മുദ്രാവാക്യം ആർഎസ്എസിനെതിരേ മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ ആലപ്പുഴയിലെ വീഡിയോയിൽ മുദ്രാവാക്യത്തിന്‍റെ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചത്. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും കുട്ടിയുടെ പിതാവ് പോലീസിൽ മൊഴി നൽകി.

മുദ്രാവാക്യം കാണാതെ പഠിച്ചതെന്ന് കുട്ടിയും വെളിപ്പെടുത്തി. തന്നെ ആരും മുദ്രാവാക്യങ്ങൾ പറഞ്ഞു നൽകി പഠിപ്പിച്ചിട്ടില്ലെന്നും നേരത്തെ കേട്ടിട്ടുള്ള മുദ്രാവാക്യങ്ങൾ ഓർത്തെടുത്ത് വിളിച്ചതാണെന്നുമാണ് കുട്ടി പറയുന്നത്. നേരത്തേ, കുട്ടിയും പിതാവും പള്ളുരുത്തിയിലെ വീട്ടിലെത്തിയ വിവരമറിഞ്ഞ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.