ഒറ്റയടിക്ക് 424 വിഐപികളുടെ സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍
ചണ്ഡീഗഡ്: ഒറ്റയടിക്ക് 424 വിഐപികളുടെ സുരക്ഷ പിന്‍വലിച്ച് പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് സ്പെഷ്യല്‍ ഡിജിപിയുടെ മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, മത , രാഷ്ട്രീയ നേതാക്കള്‍ എന്നിവരുള്‍പ്പെടുന്ന 424 വിഐപികള്‍ക്ക് നല്‍കി വന്നിരുന്ന സുരക്ഷയാണ് ഒറ്റയടിക്ക് പിന്‍വലിച്ചത്. പഞ്ചാബ് മുന്‍ ഡിജിപി പി.സി ദോഗ്ര, മജിത എംഎല്‍എ ഗനീവ് കൗര്‍ എന്നിവരും സുരക്ഷ പിന്‍വലിച്ചവരുടെ പട്ടികയിലുണ്ട്.

കഴിഞ്ഞ മാസം ആദ്യം അകാലിദള്‍ എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍, മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ എന്നിവരുള്‍പ്പെടെ 8 പ്രമുഖരുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. 127 പോലീസ് ഉദ്യോഗസ്ഥരും, 9 വാഹനങ്ങളുമടങ്ങുന്ന സുരക്ഷയാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്.