മഞ്ഞപ്പള്ളിക്കാരെ വെള്ളം കുടിപ്പിച്ച് കുറുക്കന്മാരുടെ വിളയാട്ടം
Saturday, April 9, 2022 12:44 PM IST
കാഞ്ഞിരപ്പള്ളി: നാട്ടിലിറങ്ങിയ കുറുക്കന്മാർ ആടിനെയും പോത്തിനെയും കടിച്ചു പരിക്കേൽപ്പിച്ചു. പൊറുതിമുട്ടി മഞ്ഞപ്പള്ളിയും പരിസര പ്രദേശങ്ങളും. പ്രദേശങ്ങളിലെ കൃഷി, ആട്, പോത്ത്, കോഴി എന്നിവയ്ക്കു ഭീഷണിയായിരിക്കുകയാണ് കുറക്കൻമാർ.

ഇന്നലെ പകലാണ് ആടിനെയും പോത്തിനെയും കടിച്ചു പരിക്കേൽപ്പിച്ചത്. രാവിലെ 10.30ന് നാലു കുറുക്കന്മാരുടെ സംഘമാണ് തെരുവൻകുന്നേൽ ജോസുകുട്ടിയുടെ ആടിനെയും വെങ്ങാലൂർ സിബിയുടെ പോത്തിനെയും കടിച്ചു പരിക്കേൽപ്പിച്ചത്. നാട്ടുകാർ കല്ലെറിഞ്ഞാണ് കുറുക്കന്മാരെ ഓടിച്ചത്. കഴുത്തിൽ മുറിവേറ്റ മൃഗങ്ങളെ മൃഗാശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.

സമീപ പ്രദേശങ്ങളിലെ ആളൊഴിഞ്ഞതും ടാപ്പിംഗ് നിലച്ചു കിടക്കുന്നതുമായ റബർ തോട്ടങ്ങളാണ് കുറുക്കന്മാരുടെ കേന്ദ്രം. രാത്രിയിൽ ഇര തേടിയിറങ്ങുന്ന ഇവ കോഴികളെ പിടിക്കുന്നതും കൃഷി നശിപ്പിക്കുന്നതും പതിവാണെന്നു നാട്ടുകാർ പറയുന്നു. സമീപത്തെ കാടുപിടിച്ച തോട്ടങ്ങളും ഇറച്ചി മാലിന്യങ്ങളുമാണ് കുറുക്കന്‍റെ ശല്യം വർധിക്കാൻ കാരണമെന്നും നാട്ടുകാർ ആരോപിച്ചു.

വൈകുന്നേരത്തോടെ തുടങ്ങുന്ന കുറുക്കന്മാരുടെ കൂവൽ ഒരു പ്രദേശത്തെ ആളുകളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. സന്ധ്യകഴിഞ്ഞാൽ ആക്രമണം ഭയന്നു പുറത്തിറങ്ങാനും മടിയാണ് ആളുകളുകൾക്ക്. കുറുക്കൻമാർ ഇരുട്ടിക്കഴിഞ്ഞാണു സാധാരണ നാട്ടിലിറങ്ങുന്നത്.

എന്നാൽ, ഇന്നലെ പകലും നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചതോടെ നാട്ടുകാർ ഭീതിയിലാണ്. സമീപ പ്രദേശങ്ങളായ മൂന്നാംമൈൽ, കപ്പാട്, മാഞ്ഞുക്കുളം പ്രദേശങ്ങളിലും കുറുക്കന്മാരുടെ ശല്യം വർധിച്ചതായി നാട്ടുകാർ പറയുന്നു.

വന്യജീവിയായതിനാൽ ഇവയെ പിടിക്കാനോ നശിപ്പിക്കാനോ കഴിയാത്തിനാൽ കുറുക്കന്മാരുടെ ശല്യം എങ്ങനെ ഒഴിവാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. സ്വൈര ജീവിതത്തിനു തടസമായിരിക്കുന്ന കുറുക്കന്മാരുടെ ശല്യം ഒഴിവാക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.