തൃപ്പൂണിത്തുറ: വീട് കുത്തിത്തുറന്നു പതിനേഴര പവൻ സ്വർണ കവർന്ന കേസിൽ ഹിൽപാലസ് പോലീസ് തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിൽനിന്നു പിടികൂടിയ അയ്യപ്പൻ ആക്രമണകാരികളായ "ബാഷ' ടീമിലെ അംഗം. നിരവധി മോഷണക്കേസിലും കൊലക്കേസിലും പ്രതിയായ തെങ്കാശി ഒറ്റവീട്ടിൽ അയ്യപ്പനെ (38) അതിസാഹസികമായാണ് പോലീസ് പിടികൂടി ഇവിടെയെത്തിച്ചത്.
ഇളമന റോഡിലെ വീട് കുത്തിത്തുറന്നു കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞതു കൊച്ചി സിറ്റിയിലെ വിരലടയാള വിദഗ്ധന്റെയും സൈബർസെല്ലിന്റെയും സഹായത്തോടെ വിവിധ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്.
തുടർന്ന് ഹിൽപാലസ് സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ എഎസ്ഐ സന്തോഷ് എം.ജി, സീനിയർ സിപിഒ ശ്യാം ആർ. മേനോൻ, സിപിയുമാരായ ജിജോ, രതീഷ് കെ.പി. എന്നിവരടങ്ങിയ പോലീസ് സംഘം തിരുട്ട് ഗ്രാമത്തിലെത്തുകയായിരുന്നു.
പുറത്തുനിന്നുള്ള ആളുകൾ ആര് ഗ്രാമത്തിൽ കയറിയാലും അവർ അറിഞ്ഞു സ്ഥലംവിടുകയാണ് അവരുടെ രീതി. പൊതുവേ അക്രമകാരികളായ ഇവരുടെയിടയിൽനിന്നു തന്ത്രപൂർവമാണ് അയ്യപ്പനെ പിടിച്ചത്.
ബാഷ ടീം എന്ന പേരിൽ തിരുട്ട് ഗ്രാമത്തിൽ അറിയപ്പെട്ടിരുന്ന അയ്യപ്പനും അച്ഛൻ ബാഷ കാളിമുത്തു ഉൾപ്പെടെ അഞ്ച് ആൺമക്കളും നിരവധി മോഷണക്കേസിലെ പ്രതികളും പിടികിട്ടാപ്പുള്ളികളുമാണ്. അയ്യപ്പൻ ശങ്കരൻകോവിൽ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതിയുമാണ്.
ഇവർ മോഷണത്തിനായി സംഘംചേർന്നു കേരളത്തിലെത്തും. കൂലിപ്പണിയും കുപ്പി, പാട്ട പെറുക്കലുമായി നടന്നു വീടുകൾ കണ്ടുവയ്ക്കും. പിന്നീടു വീടു തകർത്തു മോഷണം നടത്തി തിരിച്ച് തമിഴ്നാട്ടിലേക്കു പോകും. കൈയിലെ പണം തീരുംവരെ ആർഭാട ജീവിതം നടത്തുകയാണ് പതിവ്.
പ്രതിക്കെതിരേ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. അച്ഛൻ കാളിമുത്തു തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ മോഷണക്കേസിൽ അറസ്റ്റ് ചെയ്തു ജയിലിൽ റിമാൻഡിലിരിക്കെയാണ് മരിച്ചത്. അയ്യപ്പൻ 2017 ൽ മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞു ജയിലിൽ നിന്നിറങ്ങി കോഴിക്കോട്, തൃശൂർ ജില്ലകളിൽ മോഷണം നടത്തിയതായി പോലീസിനോടു വെളിപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.