അടൂർ ചലച്ചിത്രോത്സവം
തിരൂർ: മലയാളം സർവകലാശാലയിൽ 29, 30 ജൂലൈ ഒന്ന്, മൂന്ന്, നാല് തിയതികളിൽ അടൂർ ചലച്ചിത്രോത്സവം സംഘടിപ്പിക്കും. സമാപന ദിവസമായ ജൂലൈ നാലിന് അടൂർ ഗോപാലകൃഷ്ണനുമായി വിദ്യാർഥികൾ സംവദിക്കുന്ന അടൂരിനൊപ്പം എന്ന പരിപാടിയും പ്രഭാഷണവും നടക്കും. 29ന് രണ്ടു മണിക്ക് വൈസ് ചാൻസലർ കെ. ജയകുമാർ മേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനചിത്രമായി സ്വയംവരം പ്രദർശിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ, മതിലുകൾ, നിഴൽക്കൂത്ത്, പിന്നെയും എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ചലച്ചിത്രപഠനം സമീപനങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ അടൂർ പ്രഭാഷണവും നടത്തും. കലാശാലയിലെ ചലച്ചിത്രപഠനവിഭാഗമാണ് മേളയ്ക്ക് നേതൃത്വം നൽകുന്നത്.
നോവൽസാഹിത്യചരിത്രം ഒരുക്കുന്നു; ഗവേഷകർക്ക് അപേക്ഷിക്കാം
തിരൂർ: മലയാളം സർവകലാശാല സാഹിത്യവിഭാഗത്തിന്റെ നേതൃത്വത്തിൽ മലയാള നോവൽ സാഹിത്യചരിത്രം രണ്ട് വാള്യങ്ങളിലായി പ്രസിദ്ധീകരിക്കുന്നു. എംഫിൽ, പിഎച്ച്ഡി വിദ്യാർഥികൾക്കും അധ്യാപകർക്കും രചനയിൽ പങ്കാളികളാകാം. 1850 1950 കാലം ഉൾക്കൊള്ളുന്നതാണ് ഒന്നാം വാള്യം. താത്പര്യമുള്ളവർ 9633165507, 9846755915 എന്നീ നന്പറിൽ ബന്ധപ്പെടണം.