ക്രിയേറ്റിവിറ്റിയുടെ ഇന്റീരിയർ ഡിസൈനിംഗ് മേഖല
കിരൺ ജെ.കെ.വി.
കുതിച്ചുയരുന്ന കണ്‍സ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ് മേഖലകളും അനുദിനം വളരുന്ന നഗരവത്കരണവും ചേർന്ന് ഇന്റീരിയർ ഡിസൈനിംഗിന് മികച്ച സ്കോപ്പാണ് ഇന്ത്യയിൽ ഉണ്ടാക്കിയിട്ടുള്ളത്. റെസിഡൻഷ്യൽ, കൊമേഴ്സ്യൽ സെക്ടറുകളക്ക് പുറമേ ഹോസ്പിറ്റാലിറ്റി, ഹെൽത്ത്കെയർ മേഖലകളിലും ക്രിയേറ്റിവിറ്റി കൈമുതലായുള്ള ഇന്റീരിയർ ഡിസൈനർമാരെ ആവശ്യമാണ്.
വൈവിധ്യമാർന്ന അവസരങ്ങൾ
പഠനത്തിനുശേഷം ഡിസൈൻ കന്പനികൾ, കണ്‍സ്ട്രക്ഷൻ കന്പനികൾ എന്നിവിടങ്ങളിൽ ജോലി നോക്കുന്നവരും സ്വതന്ത്ര കണ്‍സൾട്ടന്റുമാർ അകുന്നവരുമുണ്ട്. പ്രകൃതിയോടിണങ്ങിയ സുസ്ഥിര ഡിസൈനുകളും സ്മാർട്ട് വീടുകളുമെല്ലാം ചേരുന്പോൾ ഇന്റീരിയർ ഡിസൈനിംഗിന് ശോഭനമായ ഭാവി തന്നെയാണുള്ളത്. മേഖലയിലെ പരന്പരാഗത റോളുകൾ റെസിൻഷ്യൽ ഇന്റീരിയർ ഡിസൈനർ, കോർപറേറ്റ് ഇന്റീരിയർ ഡിസൈനർ, കൊമേഴ്സ്യൽ ഇന്റീരിയർ ഡിസൈനർ എന്നിവയായിരുന്നെങ്കിൽ ഇന്ന് ലാൻഡ്സ്കേപ്പ് ഡിസൈനർ, ലൈറ്റിംഗ് ഡിസൈനർ, ഫർണിച്ചർ ഡിസൈനർ, റീറ്റെയ്ൽ കണ്‍സൾട്ടന്റ്, മ്യൂസിയെ ക്യുറേറ്റർ എന്നിങ്ങനെയും അവസരങ്ങൾ തുറന്നിരിക്കുന്നു.
എങ്ങനെ?
ഏത് സ്ട്രീമിൽനിന്നായാലും പ്ലസ് ടുവിന് 50 ശതമാനം മാർക്കോടെ പാസാകുന്നവർക്ക് ഇന്റീരിയർ ഡിസൈനിംഗ് ഡിഗ്രി കോഴ്സോ ഡിപ്ലോമയോ ചെയ്യാം. BSc in Interior Design, Bachelor of Design (B.Des) in Interior Design, BA in Interior Architecture & Design എന്നിവയ്ക്ക് ചേരുന്നതോടൊപ്പം ഇന്റേണ്‍ഷിപ്പുകൾ ചെയ്യാനും ഫ്രീലാൻസ് പ്രോജക്റ്റുകളിലൂടെ ശ്രദ്ധേയമായ പോർട്ട്ഫോളിയോ പടുത്തുയർത്താനും ശ്രദ്ധിക്കണം. ഇൻഡസ്ട്രിയിലെ പുത്തൻ ട്രെൻഡുകളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതോടൊപ്പം ഈ രംഗത്തെ പ്രഫഷണലുകളുമായി ബന്ധങ്ങളുണ്ടാക്കാൻ ശ്രമിക്കുകയുമാകാം. പിജി അത്യാവശ്യമല്ലെങ്കിലും ഇന്റീരിയർ ഡിസൈൻ രംഗത്ത് നേതൃസ്ഥാനങ്ങളിൽ എത്താനും സ്പെഷലൈസ്ഡ് ആയ ജ്ഞാനസന്പാദനത്തിനും ആഗ്രഹിക്കുന്നവർക്ക് മാസ്റ്റേഴ്സ് ഡിഗ്രിക്ക് ശ്രമിക്കാവുന്നതാണ്.
എവിടെ പഠിക്കണം?
സിൻഡർബേ സ്കൂൾ ഓഫ് ഡിസൈൻ, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ഇന്റർനാഷണൽ സ്കൂൾ ഓഫ് ഡിസൈൻ, ഏഷ്യൻ സ്കൂൾ ഓഫ് ആർക്ക്ടെക്ചർ ആൻഡ് ഡിസൈൻ ഇന്നവേഷൻ, ജയിൻ യൂണിവേഴ്സിറ്റി എന്നിവ കേരളത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.