മലയാള സിനിമാരംഗം ശുദ്ധീകരിക്കാനുള്ള സുവർണാവസരം അട്ടിമറിച്ച സർക്കാരെന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കണമെങ്കിൽ സർക്കാർ തിരക്കഥ മാറ്റിയെഴുതണം; ഇരകളെ തോൽപ്പിക്കരുത്. കമ്മിറ്റികളും അന്വേഷണസംഘവുമല്ല സർക്കാരാണ് ക്ലൈമാക്സ് തീരുമാനിക്കുന്നത്.
മലയാളസിനിമയിലെ വനിതാ വിപ്ലവം കോട്ടകൾ വീഴ്ത്തുകയാണ്. ചുവരുകളിലും നെഞ്ചിലും പതിപ്പിച്ചിരുന്ന നായകചിത്രങ്ങളെ വലിച്ചുകീറിയ ആരാധകരും വിപ്ലവകാരികൾക്കൊപ്പമായതോടെ പവർ ഗ്രൂപ്പിന്റെയും സർക്കാരിന്റെയും പ്രതിരോധം ഫലം കാണുന്നില്ല.
ലൈംഗികാരോപണങ്ങളുടെ വെടിയേറ്റ് രണ്ടു പേർ വീണുകഴിഞ്ഞു. കൂടുതൽ പേർ പരിക്കേറ്റു കിടക്കുകയാണ്. നായകന്മാരെന്നു കരുതിയ പലരെയും കാണാനില്ല. വംഗദേശത്തുനിന്നെത്തിയവളുടെ ആദ്യ ആക്രമണത്തിൽതന്നെ പണക്കൊഴുപ്പിന്റെയും വിഷയലന്പടത്വത്തിന്റെയും അഹന്തയുടെയും പൊന്നാപുരംകോട്ടയ്ക്കു വിള്ളൽ വീണിരിക്കുന്നു.
ജസ്റ്റീസ് ഹേമ കമ്മിറ്റി തുറന്ന ആയുധപ്പുര ഇനിയും ശൂന്യമായിട്ടില്ല. കൂടുതൽ ഇരകൾ വിപ്ലവകാരികൾക്കൊപ്പം ചേരുകയാണ്. മാറ്റം അനിവാര്യമാണ്. അനശ്വര കലാസൃഷ്ടികൾ ലോകത്തെ കാണിച്ച മലയാളസിനിമയിലെ ഓഗസ്റ്റ് വിപ്ലവം പുരുഷാധിപത്യത്തിന്റെ ധ്വജം താഴ്ത്തി സമത്വവും ജനാധിപത്യവും സാധ്യമാക്കട്ടെ.
മലയാള സിനിമാ നിർമാണരംഗത്തെ ലൈംഗിക ചൂഷണവും സിനിമാരംഗം അടക്കിവാഴുന്ന പവർഗ്രൂപ്പിന്റെ അധോലോക പ്രവർത്തനങ്ങളും പുറത്തുകൊണ്ടുവന്ന ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷത്തിനുശേഷമാണ് സർക്കാർ ഓഗസ്റ്റ് 19ന് പുറത്തുവിട്ടത്.
അതിൽ കുറ്റകൃത്യങ്ങളുടെ വിവരണങ്ങളുണ്ടായിരുന്നെങ്കിലും കുറ്റവാളികളുടെ പേരുകളില്ലായിരുന്നു. സർക്കാർ ഇരകൾക്കൊപ്പമാണെന്നും വേട്ടക്കാരെ സംരക്ഷിക്കില്ലെന്നും വായിട്ടലച്ചു; പക്ഷേ, പ്രവർത്തിച്ചില്ല. അതോടെ, ഇരകളിൽ ചിലർ ശബ്ദമുയർത്തി. ലൈംഗികാരോപണങ്ങൾ ഒന്നിനുപുറകേ ഒന്നായി വന്നതോടെ സർക്കാരിനും രക്ഷയില്ലാതായി.
"പാലേരി മാണിക്യം, ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോൾ സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നു പറഞ്ഞ് ബംഗാളി നടി ശ്രീലേഖ മിത്ര ആക്രമണത്തിനു തുടക്കമിട്ടു.
രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകനാണെന്നും കേവലം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാവില്ലെന്നും സജി ചെറിയാൻ ആവേശംകൊണ്ടു. പക്ഷേ, ചലച്ചിത്ര അക്കാദമി ചെയര്‍മാൻകൂടിയായ രഞ്ജിത്തിന്റെ മറുപടി വീണ്ടുംവീണ്ടും ചോദ്യം ചെയ്യപ്പെട്ടതോടെ രക്ഷയില്ലാതെ ഇന്നലെ അദ്ദേഹത്തിനു രാജിവയ്ക്കേണ്ടിവന്നു.
അതിനുമുന്‍പ്, നടീനടന്മാരുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിസ്ഥാനത്തുനിന്നു നടൻ സിദ്ദിഖ് രാജിവച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച് തന്നെ സിദ്ദിഖ് ക്രൂരമായി പീഡിപ്പിച്ചു എന്നായിരുന്നു രേവതി സന്പത്ത് എന്ന നടിയുടെ വെളിപ്പെടുത്തല്‍.
രണ്ടു പ്രമുഖരുടെ രാജിയോടെ കാര്യങ്ങൾ അവസാനിച്ചില്ല. പിന്നാലെ, നടനും എംഎൽഎയുമായ മുകേഷിനെതിരേ ഗുരുതര ആരോപണവുമായി കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് രംഗത്തെത്തി. ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടൽ മുറിയിൽ വച്ച് മുകേഷ് മോശമായി പെരുമാറാൻ ശ്രമിച്ചെന്നു 2018ൽ ടെസ് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, ടെസിനെ അറിയുകപോലുമില്ലെന്നാണ് ഇന്നലെയും മുകേഷ് പ്രതികരിച്ചത്. സിദ്ദിഖിനെതിരേ ആരോപണമുന്നയിച്ച നടി രേവതി നടൻ റിയാസ് ഖാൻ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ആരോപിച്ചു. തൊടുപുഴയിലെ സിനിമാസെറ്റിൽവച്ച് 2013ൽ ടോയ്ലെറ്റിൽനിന്നു തിരികെ വരുംവഴി ഒരു സൂപ്പർ താരം കയറിപ്പിടിച്ചെന്ന ആരോപണവുമായി നടി സോണിയ മൽഹാറും രംഗത്തെത്തി.
താൻ കരഞ്ഞപ്പോൾ നടൻ മാപ്പു പറഞ്ഞെന്നും അയാളുടെ കുടുംബത്തെയോർത്ത് പേരു പറയുന്നില്ലെന്നും അവർ വ്യക്തമാക്കി. ഇതിനിടെ, സിനിമയിൽ ഉള്ള ആളുകളെ വിശ്വസിക്കാൻ കൊള്ളില്ലെന്നും അതൊരു മാഫിയാസംഘമാണെന്നും നടി ഉഷ ഹസീന 1992ൽ പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.
അഭിനയം നിർത്തേണ്ട സാഹചര്യം പോലും ഉണ്ടായെന്ന് ഉഷ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. നടൻ അലൻസിയർക്കെതിരേ 2018ൽ കൊടുത്ത പരാതിയിൽ താരസംഘടന "അമ്മ' ഒരു നടപടിയുമെടുത്തില്ലെന്ന് നടി ദിവ്യ ഗോപിനാഥ് ഇന്നലെ പറഞ്ഞു.
പാർവതി തിരുവോത്ത്, ജഗദീഷ്, ഉർവശി, ശ്വേത മേനോൻ, ആഷിഖ് അബു തുടങ്ങിയവരും പവർഗ്രൂപ്പിനെതിരേ രംഗത്തുവന്നു.
2017ൽ ഒരു നടിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തോടെയാണ് കേരളം മലയാളസിനിമയുടെ അധോലോകത്തെ അവ്യക്തമായെങ്കിലും കണ്ടത്. സിനിമയിൽപോലും കേട്ടിട്ടില്ലാത്ത ലൈംഗികവൈകൃതങ്ങളുടെ തിരക്കഥകൾ കേരളത്തെ നടുക്കി.
സഹികെട്ട ഒരു കൂട്ടം വനിതകൾ 2017 മേയിൽ വിമൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) എന്ന സംഘടന രൂപീകരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകുകയും ചെയ്തു. തുടർന്ന് ജൂലൈയില്‍ ജസ്റ്റീസ് കെ. ഹേമ അധ്യക്ഷയായി മൂന്നംഗ കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചു.
കമ്മിറ്റി 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് സർക്കാർ നടപടികളിൽ പ്രതിഷേധം ഉയർന്നതോടെയാണ് വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ ഐജി സ്പർജൻ കുമാറിനെ അധ്യക്ഷനാക്കി ഇന്നലെ ഏഴംഗ അന്വേഷണകമ്മീഷനെ നിയമിച്ചത്.
ഡബ്ല്യുസിസി തുടങ്ങിവച്ച വിപ്ലവമാണ് വിഗ്രഹങ്ങളും കോട്ടകളും തച്ചുടച്ചു മുന്നേറുന്നത്. ഇന്ത്യൻ സിനിമയിലെ ആത്മാഭിമാനികളായ വനിതകളുടെ ഈ ഓഗസ്റ്റ് വിപ്ലവം വിജയിക്കേണ്ടതുണ്ട്. സിനിമയെ അധോലോകമാക്കിയവർ ഇന്ത്യ കണ്ട ഏതു മഹാനാണെങ്കിലും കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കണം.
രാജ്യം കണ്ട പ്രഗ്ത്ഭരൊന്നും ആർക്കും സിനിമ ടിക്കറ്റ് സൗജന്യമായല്ല കൊടുത്തത്. ഇവരോടൊന്നും ജനത്തിന് ഒരു കടപ്പാടുമില്ല. വിവരാവകാശ നിയമം ഉള്ളതുകൊണ്ടു മാത്രമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ലോകം അറിയാനിടയായത്. സിനിമയിൽ മാത്രമല്ല, എല്ലായിടത്തും സ്ത്രീകൾക്കെതിരേയുള്ള വിവേചനവും പീഡനവുമുണ്ടെന്നു പറഞ്ഞ് ആരും സാർവത്രിക വനിതാ സംരക്ഷകരാകേണ്ട.
സിനിമയിലല്ലാതെ ലോകത്തൊരിടത്തും സ്ത്രീകൾക്കു കാവൽക്കാരുമായി ജോലിക്കു പോകേണ്ടിവരുന്നില്ല. സിനിമാവ്യവസായം ആർക്കും തൊടാനാകാത്ത ഒരു സംരക്ഷിതമേഖലയായി മാറ്റുന്പോൾ സർക്കാർ അതിന്റെ കാവൽക്കാരാകുന്നിടത്തോളം അശ്ലീലം വേറെയില്ല. സിനിമ നമ്മുടെ സംസ്കാരത്തിന്റെയും കലയുടെയും പ്രതിഫലനമാണ്.
പതിനായിരക്കണക്കിനു പേർ തൊഴിലെടുക്കുന്ന മേഖലയാണ്. അവരിലൊരാളും സിനിമാമാടന്പിമാരുടെ ഇരയാകരുത്. വിനോദനികുതിയിനത്തിൽ സർക്കാരിനു ലഭിക്കുന്ന കോടിക്കണക്കിനു രൂപ പവർഗ്രൂപ്പിന്റെ അക്കൗണ്ടിൽനിന്നല്ലെന്നും മറക്കരുത്.
മറ്റു പലതിലുമെന്നപോലെ തെറ്റു ചെയ്തവരെ സംരക്ഷിക്കില്ലെന്ന് ഈ സർക്കാരിന് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ കാര്യത്തിലും പറഞ്ഞുഫലിപ്പിക്കേണ്ടിവന്നിരിക്കുന്നു. എന്നിട്ടും ജനത്തിനു സംശയം ബാക്കി.
കുറ്റക്കാർക്കെതിരേ കേസെടുക്കണമെന്ന ആവശ്യമുയരുന്പോൾ പരാതിക്കാർ മുന്നോട്ടു വരട്ടേയെന്നും കുറ്റാരോപിതൻ മഹാനാണെന്നും ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി കോൺക്ലേവ് നടത്താമെന്നുമൊക്കെ പറയുന്പോൾ എങ്ങനെ സംശയിക്കാതിരിക്കും? ഇത്തരം അഭ്യാസങ്ങളൊക്കെ നിങ്ങളുടെ മുഖം വികൃതമാക്കുകയാണ്.
വിവരാവകാശ കമ്മീഷനും കോടതിയും ജനങ്ങളും നിരപരാധികളെ ക്രൂശിക്കണമെന്നല്ല പറയുന്നത്, അപരാധികൾ ശിക്ഷിക്കപ്പെടണമെന്നാണ്. മലയാള സിനിമാരംഗം ശുദ്ധീകരിക്കാനുള്ള സുവർണാവസരം അട്ടിമറിച്ച സർക്കാരെന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കണമെങ്കിൽ സർക്കാർ തിരക്കഥ മാറ്റിയെഴുതണം; ഇരകളെ തോൽപ്പിക്കരുത്. കമ്മിറ്റികളും അന്വേഷണസംഘവുമല്ല സർക്കാരാണ് ക്ലൈമാക്സ് തീരുമാനിക്കുന്നത്.