രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന്റെ ആഘാതത്തിലാണു കേരളം. നമുക്കീ കണ്ണീർപ്പുഴയും നീന്തിക്കടക്കണം. സാഹോദര്യത്തിന്റെ രക്ഷാകരങ്ങൾ വയനാട്ടിലേക്കു നീളട്ടെ.
ഉരുളല്ല, കേരളത്തിന്റെ നെഞ്ചാണു പൊട്ടിയത്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ വയനാട്ടിലെ മലഞ്ചെരിവുകളിൽ ചിലത് മരണത്തിന്റെ താഴ്വരയായി മാറി. കാലഹരണപ്പെട്ട അണക്കെട്ടെന്നപോലെ പൊട്ടിയ ഉരുളിൽ വീടുകളും മനുഷ്യരും വാഹനങ്ങളും സന്പാദ്യങ്ങളുമെല്ലാം അപ്രത്യക്ഷമായി.
വഴിമാറിയൊഴുകിയ പുഴ കടന്നെത്തിയ മൃതദേഹങ്ങൾ പ്രിയപ്പെട്ടവരെ തേടിയെന്നപോലെ കരയെ ചുംബിച്ചുകിടന്നു. മോർച്ചറിക്കവാടങ്ങളിൽ സ്ട്രെച്ചറുകൾ ഊഴം കാത്തു കിടക്കുകയാണ്. ഉടപ്പിറന്നവരുടെ പ്രാണനറ്റ ദേഹങ്ങളിലേക്കു നോക്കാനാവാതെ അലമുറയിൽ അഭയം തേടിയവർ കേരളത്തിന്റെ ഉള്ളുപിടച്ചിലായി.
സർവസന്നാഹങ്ങളോടെയും നാം രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും മാനുഷിക പരിമിതികൾ യാഥാർഥ്യമായി അവശേഷിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന്റെ ആഘാതത്തിലാണു കേരളം. നമുക്കീ കണ്ണീർപ്പുഴയും നീന്തിക്കടക്കണം. സാഹോദര്യത്തിന്റെ രക്ഷാകരങ്ങൾ വയനാട്ടിലേക്കു നീളട്ടെ.
വയനാട് മേപ്പാടിക്കു സമീപം മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് വന് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായത്. പുലർച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണിലേക്ക് ആദ്യം ഉരുൾപൊട്ടിയെത്തി. രക്ഷാപ്രവർത്തനത്തിനിടെ നാലു മണിയോടെ ചൂരൽമല സ്കൂളിനടുത്ത് രണ്ടാമത്തേതുണ്ടായി.
ഒഴുകിമറഞ്ഞ വീടുകളുടെയും കാണാതായവരുടെയും വാഹനങ്ങളുടെയുമൊന്നും കൃത്യമായ കണക്കില്ല. പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ശക്തമായ മഴയിൽ വെള്ളം താങ്ങാനുള്ള ശേഷിയില്ലാതെ മലയിടിയുകയായിരുന്നു.
ഇടഭാഗത്ത് വെള്ളം പുറത്തേക്കു തള്ളുന്പോൾ മുകളിലുള്ള ഭാഗവും ഇടിഞ്ഞു കുത്തിയൊലിക്കുന്നതാണ് ഉരുൾപൊട്ടൽ. ചൂരൽമല പാലവും റോഡും ഒലിച്ചുപോയി. ചാലിയാറിലെത്തിയ മൃതദേഹങ്ങൾ പലതും ഛിന്നഭിന്നമായ നിലയിലായിരുന്നു. പച്ചപുതച്ച വയനാടിന്റെ വർണചിത്രമായിരുന്ന മുണ്ടക്കൈ പ്രകൃതി തുടച്ചുനീക്കി.
ചൂരൽമല ടൗണും ഇനിയൊരിക്കലും പഴയതുപോലാകില്ല. 2019ലെ പ്രളയകാലത്ത് നിരവധി പേർ മരിച്ച പുത്തുമലയിൽനിന്ന് രണ്ടു കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോഴത്തെ ഉരുൾപൊട്ടൽ. രക്ഷാപ്രവർത്തനം ഊർജിതമാണ്. എങ്കിലും മലയോരത്തെ കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ അതിവേഗം സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കേണ്ടതുണ്ട്.
വൈകുന്ന ഓരോ നിമിഷവും ആപത്തിന്റെ വ്യാപ്തി വർധിപ്പിക്കും. ദുരന്തനിവാരണസേന, അഗ്നിശമനസേന, പോലീസ് സംഘങ്ങൾ എല്ലാം വിശ്രമമില്ലാതെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടിയിട്ടുണ്ട്. ചെന്പുകടവ് പാലം വെള്ളത്തിനടിയിലായി.
ഇതുവരെ വ്യാപ്തി നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരും അയൽസംസ്ഥാനങ്ങളുമെല്ലാം നമുക്കൊപ്പമുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു. കൂടുതൽ സഹായം എത്തിക്കണമെന്ന് രാഹുൽ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടു.
രാഹുലും പ്രിയങ്കയും വയനാട്ടിലെത്തും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്നലെ അഞ്ചുകോടി രൂപ അടിയന്തരസഹായമായി അനുവദിച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിനായി പ്രത്യേക സംഘത്തെ അയച്ചു. സൈന്യത്തിന്റെ വിവിധ സംഘങ്ങൾ എത്തിക്കഴിഞ്ഞു. ഇത്രയും വലിയ ശ്രമങ്ങൾ നടക്കുന്നതിനിടെ എല്ലാ മലയാളികളും ഔചിത്യം പാലിക്കേണ്ടതുണ്ട്.
സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ മോശമായ പരാമർശങ്ങളിടുന്നവരെ പ്രോത്സാഹിപ്പിക്കരുത്. കർണാടകത്തിലെ ഷിരൂരിൽ അർജുനെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെ നമ്മളതു കണ്ടതാണ്. അധികൃതരുടെ നിർദേശങ്ങൾ പാലിക്കണം. മറ്റിടങ്ങളിൽനിന്ന് ആളുകൾ വയനാട്ടിലേക്ക് ദുരന്തടൂറിസം നടത്തരുത്.
പരിസ്ഥിതിവാദികൾ സ്ഥിരം പല്ലവികളുമായി ചില്ലുമേടകളിലിരുന്നു കല്ലെറിയരുത്. മണ്ണിൽ ചോരയും നീരുമൊഴുക്കി ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിച്ച അധ്വാനികളായ മനുഷ്യരാണ് മണ്ണോടു ചേർന്നിരിക്കുന്നത്. തടയാനാകുന്നതും അല്ലാത്തതുമായ പ്രകൃതിദുരന്തങ്ങളുണ്ട്. വയനാട്ടിലെയും കോഴിക്കോട്ടെയും കർണാടകത്തിലെ ഷിരൂരിലെയും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമൊക്കെ പ്രവചനാതീതമായതിനാൽ തടയാനാവില്ല.
പക്ഷേ, മുല്ലപ്പെരിയാർപോലെ ആയുസെത്തിയ അണക്കെട്ടുകളുടെ കാര്യം അങ്ങനെയല്ല. വയനാട്ടിൽ സംഭവിച്ചതിന്റെ ആയിരമായിരം ഇരട്ടിയുള്ള അതിന്റെ ആപത്സാധ്യത വർഷങ്ങൾക്കു മുന്പേ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. എന്നിട്ടും നിയമത്തിന്റെയും അന്തർസംസ്ഥാന വോട്ടുരാഷ്ട്രീയത്തിന്റെയും അധികാരസ്ഥാനങ്ങൾ ലക്ഷക്കണക്കിനു നിസഹായരായ മനുഷ്യരുടെ ഭയാശങ്കകൾക്കു പുല്ലുവിലപോലും കൊടുത്തിട്ടില്ല. വയനാട്, ഒരു തിരുത്തലിനു വെളിച്ചമായിരുന്നെങ്കിൽ..!