കർണാടകയുടെ നീക്കം ഭരണഘടനാവിരുദ്ധം
Saturday, July 20, 2024 12:00 AM IST
പല സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾ നടപ്പാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ‘മണ്ണിന്റെ മക്കൾ’ വാദം പൊടിതട്ടിയെടുക്കാൻ സിദ്ധരാമയ്യ സർക്കാരിനെ പ്രേരിപ്പിച്ച വികാരങ്ങൾ എന്തുതന്നെയായാലും, രാജ്യത്തിന്റെ ഭരണഘടന വലിയ ഭീഷണി നേരിടുന്നുവെന്ന് മുറവിളി കൂട്ടുന്ന കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഒരു സർക്കാരിൽനിന്ന് ജനങ്ങൾ ഇതു പ്രതീക്ഷിച്ചിരുന്നില്ല.
കർണാടകയിൽ സ്വകാര്യമേഖലയിലെ മുഴുവൻ കമ്പനികളിലും കന്നഡികർക്ക് ജോലിസംവരണം ഏർപ്പെടുത്താനുള്ള നീക്കം ശുദ്ധ അസംബന്ധവും ഭരണഘടനാവിരുദ്ധവുമാണ്. രാജ്യത്തെ ഒന്നിപ്പിക്കുന്നതിനായി രണ്ടു ഭാരത് ജോഡോ യാത്രകൾ നടത്തുകയും സദാസമയവും ഭരണഘടന നെഞ്ചോടുചേർത്തു നടക്കുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ഉണ്ടായിരിക്കുന്ന ഇത്തരമൊരു വിഭജനചിന്തയും ഭരണഘടനാ വിരുദ്ധ മനോഭാവവും വലിയ വിരോധാഭാസമായിരിക്കുന്നു.
പല സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾ നടപ്പാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ‘മണ്ണിന്റെ മക്കൾ’ വാദം പൊടിതട്ടിയെടുക്കാൻ സിദ്ധരാമയ്യ സർക്കാരിനെ പ്രേരിപ്പിച്ച വികാരങ്ങൾ എന്തുതന്നെയായാലും, രാജ്യത്തിന്റെ ഭരണഘടന വലിയ ഭീഷണി നേരിടുന്നുവെന്ന് മുറവിളി കൂട്ടുന്ന കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഒരു സർക്കാരിൽനിന്ന് ജനങ്ങൾ ഇതു പ്രതീക്ഷിച്ചിരുന്നില്ല.
ഇന്ത്യ ഒറ്റ രാജ്യമായും അതിലെ പ്രജകളെല്ലാം സഹോദരീസഹോദരന്മാരായും ജീവിക്കുന്നുവെന്ന് ഉറപ്പു നൽകുന്ന ഭരണഘടനയുടെ അന്തഃസത്തയെയാണ് കർണാടക സർക്കാർ വെല്ലുവിളിക്കാൻ ശ്രമിക്കുന്നത്.
കർണാടക സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്സ് ഇൻ ദ ഇൻഡസ്ട്രീസ്, ഫാക്ടറീസ് ആൻഡ് അദർ എസ്റ്റാബ്ലിഷ്മെന്റ്സ് ബിൽ 2024 വഴി സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ കന്പനികളിലും ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലുള്ള ജോലിയിൽ കന്നഡികർക്ക് 75 ശതമാനംവരെ സംവരണം ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
മാനേജ്മെന്റ് തസ്തികകളിൽ 50 ശതമാനംവരെയും സ്വദേശിവത്കരണത്തിനു നിർദേശമുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രിതന്നെ സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയും ചെയ്തു. വ്യവസായലോകത്തുനിന്നടക്കം എതിർപ്പ് ശക്തമായതോടെ സർക്കാർ ബില്ല് നിയമസഭയിൽ അവതരിപ്പിക്കാനുള്ള നീക്കം മരവിപ്പിച്ചതായി അറിയിച്ചു.
എന്നാൽ, പിന്നീട് ബില്ല് ഉപേക്ഷിച്ചിട്ടില്ലെന്നും കൂടുതൽ ചർച്ചകൾ നടത്തുമെന്നുമാണ് നിലപാടെടുത്തിരിക്കുന്നത്. പ്രതിപക്ഷ പാർട്ടിയായ ബിജെപി അവസരം മുതലെടുത്ത് ബില്ല് പാസാക്കി നിയമം നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) ജി, 19(6) പ്രകാരം പൗരന്മാർക്ക് ഏതു തൊഴിലിൽ ഏർപ്പെടുന്നതിനും ഏതു ജോലിയും വ്യാപാരവും ബിസിനസും നടത്തുന്നതിനും സ്വാതന്ത്ര്യം നൽകുന്നുണ്ട്. ബംഗളൂരു അടക്കം കർണാടകയിൽ പല പ്രദേശങ്ങളിലും മലയാളികളും തമിഴരും അടക്കം മറ്റു സംസ്ഥാനക്കാർ വ്യാപകമായി വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ നടത്തുകയും തൊഴിലെടുക്കുകയും ചെയ്യുന്നുണ്ട്.
ബംഗളൂരുവിൽ മാത്രം 8700ൽ അധികം ഐടി കമ്പനികളും 18 ലക്ഷത്തോളം ഐടി ജീവനക്കാരും ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ 2.18 ലക്ഷത്തോളം പേർ മലയാളികളാണ്. കൂടാതെ മറ്റു മേഖലകളിലായി എട്ടു ലക്ഷത്തോളം മലയാളികൾ ബംഗളൂരുവിൽ ജോലിയെടുക്കുന്നുണ്ടെന്നും കണക്കാക്കുന്നു.
ഇത്തരത്തിൽ വിവിധ സംസ്ഥാനക്കാർ ജോലിയെടുക്കുന്ന സ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്തിയാൽ വലിയ സാമ്പത്തിക അരാജകത്വത്തിന് വഴിതുറക്കും. പാർപ്പിട-റിയൽ എസ്റ്റേറ്റ് മേഖലയും ബാങ്കിംഗ് മേഖലയും പ്രതിസന്ധിയിലാകും.
ലക്ഷക്കണക്കിനു പേരുടെ ജീവിതം ആശങ്കയിലാകും. വിദേശ കമ്പനികളടക്കം സംസ്ഥാനം വിട്ടുപോകാനും സാധ്യതയുണ്ട്. ബംഗളൂരുവിന്റെയടക്കം സംസ്ഥാനത്തിന്റെ ആകെ വളർച്ചയ്ക്ക് മലയാളികളടക്കം നൽകിയിരിക്കുന്ന സംഭാവനകളെ നിസാരമായി കാണുന്ന മനോഭാവം സങ്കുചിതമാണ്.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെത്തന്നെ ദുർബലപ്പെടുത്തുന്നതാണ് കർണാടകയുടെ നീക്കം. മറ്റു സംസ്ഥാനങ്ങളും ഇതേ പാത സ്വീകരിച്ചാൽ രാജ്യത്തിന്റെ അഖണ്ഡതതന്നെ ചോദ്യംചെയ്യപ്പെടും. പ്രാദേശിക വികാരം ഇളക്കിവിട്ടാൽ സംസ്ഥാനത്തു നിലനിൽക്കുന്ന സൗഹാർദാന്തരീക്ഷം തകരുമെന്ന വസ്തുതയും കണക്കിലെടുക്കണം.
മുൻകാല അനുഭവങ്ങൾ ഇക്കാര്യത്തിൽ ഗൗരവത്തിൽ പരിഗണിക്കപ്പെടണം. കേവലം രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ഭരണാധികാരികൾ ദീർഘവീക്ഷണമില്ലാത്ത നയങ്ങൾ നടപ്പാക്കാൻ ശ്രമിക്കരുത്. കർണാടക സ്വദേശികൂടിയായ കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവുകൂടിയായ രാഹുൽ ഗാന്ധിയും ഇക്കാര്യത്തിൽ കർണാടക സർക്കാരിനെ തിരുത്തിക്കാൻ മുൻകൈയെടുക്കുമെന്നു പ്രതീക്ഷിക്കാം.
ഇല്ലെങ്കിൽ നിങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആദർശങ്ങൾ കേവലം അധികാരലഭ്യതയ്ക്കു മാത്രമുള്ളതാണെന്നു പറയേണ്ടിവരും.