"തീവ്രവാദ വിസ്മയം' കാഷ്മീരിൽ വേണ്ട
Thursday, July 18, 2024 12:00 AM IST
ലോകത്തൊരിടത്തും മനുഷ്യരെ സമാധാനത്തിൽ ജീവിക്കാൻ അനുവദിക്കാത്തവർ ജമ്മു-കാഷ്മീരിലും അടങ്ങിയിരിക്കില്ല. കഴിഞ്ഞ എട്ടു ദിവസത്തിനിടെ ഒന്‍പതു സൈനികരാണ് തീവ്രവാദികളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. കാഷ്മീർ സമാധാനത്തിലേക്കു ചുവടു വയ്ക്കുകയാണെന്ന സൂചനകൾ തീവ്രവാദികളെ ഭ്രാന്ത് പിടിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞടുപ്പിൽ കഴിഞ്ഞ 35 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വോട്ടിംഗ് ശതമാനമാണ് അവിടെയുണ്ടായത്.
വിനോദസഞ്ചാരികളുടെ എണ്ണത്തിലും വൻകുതിപ്പ് രേഖപ്പെടുത്തി. താമസിയാതെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ഇതൊക്കെയാവാം തീവ്രവാദികളെ പ്രകോപിപ്പിക്കുന്നത്. ജമ്മു-കാഷ്മീരിൽ ഫലം കണ്ടുതുടങ്ങിയ കേന്ദ്രസർക്കാർ നിലപാടുകൾ തീവ്രവാദികളുടെ ഒളിപ്പോരിൽ അട്ടിമറിക്കപ്പെടരുത്. പതിറ്റാണ്ടുകളായി രാജ്യത്തിന്റെ സമാധാനം കെടുത്തിക്കൊണ്ടിരിക്കുന്നവർക്ക് തിരിച്ച് സമാധാനം ആശംസിക്കാൻ ആർക്കുമില്ല ബാധ്യത.
ശ്രീനഗറും പരിസരവും വിട്ട് താരതമ്യേന ശാന്തമായിരുന്ന ജമ്മുവിലേക്ക് തീവ്രവാദികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പുതിയ വെല്ലുവിളിയാണ്. ദോഡ ജില്ലയിലെ ദേസ വനമേഖലയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു ഏറ്റവും പുതിയ ഏറ്റുമുട്ടൽ. രാഷ്ട്രീയ റൈഫിൾസും കാഷ്മീർ പോലീസിലെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും സംയുക്തമായി നേരിട്ടതോടെ വനത്തിലേക്കു പിൻവാങ്ങിയ ഭീകരരുടെ ഒളിത്താവളത്തിലേക്കു പുറപ്പെട്ട ക്യാപ്റ്റനടക്കം നാലു സൈനികർക്കാണു ജീവൻ നഷ്ടമായത്. കഴിഞ്ഞയാഴ്ച കഠുവ ജില്ലയിലെ മാചേദി വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ചിരുന്നു. നാലു മാസത്തിനിടെ ജമ്മു മേഖലയിൽ തന്നെ 12 സൈനികർ വീരമൃത്യു വരിച്ചു. 2021നുശേഷം ജമ്മു മേഖലയിൽ ഭീകരാക്രമണങ്ങളിൽ 52 സുരക്ഷാ സൈനികരടക്കം 70 പേർക്കു ജീവൻ നഷ്ടമായി.
ഒരു കാര്യം ബോധ്യമായിട്ടുണ്ട്. കോൺഗ്രസെന്നോ ബിജെപിയെന്നോ നാഷണൽ കോൺഫറൻസെന്നോ പിഡിപി (ജമ്മു കാഷ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി) യെന്നോ ഉള്ള വ്യത്യാസങ്ങളൊന്നും പതിറ്റാണ്ടുകൾ നീണ്ട കാഷ്മീരിലെ തീവ്രവാദത്തെ തളയ്ക്കാൻ പര്യാപ്തമായിട്ടില്ല. ബിജെപിയുടെ നീക്കങ്ങൾ കുറെയെങ്കിലും ഫലം കണ്ടിട്ടുണ്ട്; പൂർണമല്ല. ജൂലൈ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ പറഞ്ഞത്, “ജമ്മു കാഷ്മീരില്‍ ഭീകരതയ്ക്കെതിരായ പോരാട്ടം അവസാന ഘട്ടത്തിലാണ്; അവശേഷിക്കുന്ന ഭീകരവലയത്തിന്റെ വേരറക്കാനുള്ള തന്ത്രങ്ങളുമായി നാം മുന്നേറുകയാണ്” എന്നാണ്.
തൊട്ടടുത്ത ആഴ്ചയിൽതന്നെ ഭീകരര്‍ ജമ്മുവില്‍ രണ്ട് ആക്രമണങ്ങൾ നടത്തി. മുമ്പ്, കാഷ്മീർ മേഖലയിലെ ബന്ദിപ്പോറ, കുല്‍ഗാം, പുല്‍വാമ, ഷോപിയാൻ, കുപ്വാര എന്നിവിടങ്ങളിലായിരുന്നു ഭീകരാക്രമണങ്ങൾ സജീവം. ഇപ്പോഴതു ജമ്മു മേഖലയിലെ പൂഞ്ച്, രജൗരി, കഠുവ, ദോഡ ജില്ലകളിലേക്കു മാറി. അതായത്, സമീപകാലത്ത് ദൃശ്യമായ നിശബ്ദത, സമാധാനത്തിന്റെ ലക്ഷണമായിരുന്നില്ല. കേന്ദ്രസർക്കാർ തിരിച്ചറിയണം.
കാഷ്മീരിനു പ്രത്യേക അധികാരങ്ങള്‍ നല്കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാനുള്ള 2019ലെ നിര്‍ണായക തീരുമാനത്തെത്തുടര്‍ന്നാണ് ഭീകരാക്രമണങ്ങള്‍ ജമ്മു മേഖലയിലേക്ക് മാറിയത്. അതിനർഥം, തീരുമാനം പരാജയപ്പെട്ടെന്നല്ല. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന വോട്ടുനില ജമ്മു-കാഷ്മീരിൽ രേഖപ്പെടുത്തി; 58.46 ശതമാനം. തീവ്രവാദികൾക്കു സ്വാധീനമുണ്ടായിരുന്ന ശ്രീനഗർ, ബാരാമുള്ള, അനന്ത്നാഗ്-രജൗരി എന്നീ മൂന്നു മണ്ഡലങ്ങളിൽ 2019ലെ വോട്ട് ശതമാനം 19.16 ആയിരുന്നത് ഇത്തവണ 50.86 ആയി.
മാത്രമല്ല, യുവാക്കൾ ധൈര്യപൂർവം വോട്ടുചെയ്യാൻ എത്തി. വിനോദസഞ്ചാര മേഖലയിലെ അവിശ്വസനീയമായ മാറ്റവും ശ്രദ്ധിക്കേണ്ടതാണ്. ഈ വർഷം ആദ്യത്തെ നാലു മാസത്തിനിടെ കാഷ്മീർ സന്ദർശിച്ചത് 10 ലക്ഷം പേരാണ്. സുരക്ഷാ കാരണങ്ങളാൽ കാഷ്മീർ ഒഴിവാക്കിയിരുന്ന വിദേശികളുടെ വരവിൽ 61 ശതമാനം വർധന. നിയമസഭ പിരിച്ചുവിട്ട് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ കാഷ്മീരിൽ തെരഞ്ഞെടുപ്പ് ഉടനുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനെ നിയന്ത്രിക്കാനുള്ള കേന്ദ്രനീക്കം വിമർശനത്തിനിടയാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തുണ്ടായ മാറ്റങ്ങൾ പ്രതീക്ഷയുണർത്തുന്നതാണ്. ഇതൊക്കെ തീവ്രവാദത്തിന്റെ വേരറത്തില്ലെങ്കിലും വളർച്ച തടയുമെന്നതു വലിയ കാര്യമാണ്. അത് തീവ്രവാദികളെയും പാക്കിസ്ഥാനെയും അസ്വസ്ഥരാക്കിയിട്ടുണ്ട്; കരുതിയിരിക്കുകതന്നെ വേണം.
ലോകത്തിന്റെ സമാധാനം കെടുത്തുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ ഘടകങ്ങൾ തന്നെയാണ് ഭൂമിയിലെ സ്വർഗമായ കാഷ്മീരിൽ നരകം സൃഷ്ടിക്കുന്നത്. ഈ സാഹോദര്യം പങ്കുവയ്ക്കുന്നവരാണ് കഴിഞ്ഞദിവസം സൊമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവിൽ യൂറോ കപ്പ് ഫൈനൽ കണ്ടുകൊണ്ടിരുന്ന ഫുട്ബോൾ പ്രേമികളെ കാർബോംബ് സ്ഫോടനത്തിൽ കൊന്നൊടുക്കിയത്. പാരീസിൽ ഒളിന്പിക്സ് സംഘാടകരുടെ ഏറ്റവും വലിയ സുരക്ഷാഭീതി ഇസ്ലാമിക തീവ്രവാദികളാണ്. ഒരിടത്ത് അവരുടെ പേര് ഇസ്ലാമിക് സ്റ്റേറ്റ് എന്നാണെങ്കിൽ മറ്റിടങ്ങളിൽ അൽ-ക്വയ്ദ, ബൊക്കോ ഹറാം, താലിബാൻ, ഹമാസ്, ഹിസ്ബുള്ള, കാഷ്മീർ ലിബറേഷൻ ഫ്രണ്ട്, ലഷ്കർ, പോപ്പുലർ ഫ്രണ്ട് എന്നൊക്കെയായിരിക്കും.
ഇസ്രയേൽ ആദ്യലക്ഷ്യം മാത്രമാണെന്നും ഭൂമിയുടെ 51 കോടി ചതുരശ്ര കിലോമീറ്ററത്രയും ഒരൊറ്റ ഭരണസംവിധാനത്തിലാകുന്പോൾ അവിടെ യഹൂദരും ക്രിസ്ത്യാനികളും ഉണ്ടായിരിക്കില്ലെന്നും വീഡിയോയിലൂടെ മുന്നറിയിപ്പു നൽകിയത് ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹറാണ്. അതാണു ലക്ഷ്യം. ബാക്കിയൊക്കെ മുഖംമൂടികളാണ്. ബാബറി മസ്ജിദിന്റെ പേരിലുള്ള നിലവിളി, ഹാഗിയ സോഫിയ കത്തീഡ്രലിലും കോറ പള്ളിയിലുമെത്തുന്പോൾ കൊലവിളിയായി മാറുന്ന കാപട്യമാണത്. അഭയം കൊടുത്ത രാജ്യങ്ങളിലെ മനുഷ്യരെ കൊന്നൊടുക്കുകയും അവിടങ്ങളിൽ ശരിയത്ത് നിയമം വേണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവരുടെ തനിനിറമാണത്. ആ "വിസ്മയം' കാഷ്മീരിൽ അനുവദിക്കരുത്.
മനുഷ്യാവകാശങ്ങളോ ജനക്ഷേമമോ വികസനപ്രക്രിയകളോ അല്ല കാഷ്മീരിലും തീവ്രവാദികളുടെ ലക്ഷ്യമെന്നും ജാതി-മത-പാർട്ടി വ്യത്യാസമില്ലാതെ ഇന്ത്യ തിരിച്ചറിയണം. അവിടത്തെ മനുഷ്യാവകാശങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നവർ ലോകത്ത് തീവ്രവാദികൾക്കു സ്വാധീനമുള്ള ഏതെങ്കിലുമൊരു രാജ്യത്ത് സമാധാനമോ സുരക്ഷയോ മനുഷ്യാവകാശങ്ങളോ നിലനിൽക്കുന്നുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചാലും മതി. അറിഞ്ഞും അറിയാതെയും തീവ്രവാദികൾക്കു മനുഷ്യാവകാശത്തിന്റെ ഉടുപ്പു തുന്നുന്നവർ കാഷ്മീരിൽ മാത്രമല്ല, ലോകത്തെവിടെയും സ്വതന്ത്രരായി ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തെ നിർദയം തോൽപ്പിക്കുകയാണ്; മറക്കരുത്.