കോഴിക്കോട്ടുനിന്നു തുടങ്ങാം
ഒരു കരാറിന്റെ പേരിൽ കോഴിക്കോട് കോർപറേഷന്റെ കാശ് പോയി. അതു പൊതുമുതലിൽനിന്നു കൊടുക്കേണ്ട, ഉത്തരവാദികളായ ജനപ്രതിനിധികളുടെ പോക്കറ്റിൽനിന്നാകട്ടെയെന്നു വിധി. നാടു നന്നാകാൻ ഇതല്ലേ വേണ്ടത്?
ഉദ്യോഗസ്ഥരാകട്ടെ, ജനപ്രതിനിധികളാകട്ടെ; പൊതുമുതൽ ആരുടെ കൈകൊണ്ട് അന്യാധീനപ്പെടുന്നോ അവരിൽനിന്നുതന്നെ തിരിച്ചുവാങ്ങണം. കോഴിക്കോട് മുനിസിപ്പൽ കോർപറേഷനിൽ അത്തരമൊരു പതിവില്ലാത്ത നീക്കമുണ്ടായിട്ടുണ്ട്.
കോർപറേഷനു സംഭവിച്ച നഷ്ടം 75 കൗൺസിലർമാരിൽനിന്നും രണ്ടു സെക്രട്ടറിമാരിൽനിന്നും ഈടാക്കാൻ തീരുമാനിച്ചു. പൊതുമുതൽ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഇങ്ങനെയൊരു തീരുമാനമുണ്ടായാൽ സംസ്ഥാനത്തെ മാത്രമല്ല, ഈ രാജ്യത്തെതന്നെ സാന്പത്തികസ്ഥിതി മെച്ചപ്പെടുകയും അഴിമതിയിൽ കാര്യമായ കുറവുണ്ടാകുകയും ചെയ്യും.
ഞെളിയൻപറന്പ് മാലിന്യസംസ്കരണ കേന്ദ്രത്തിലെ ഒരു കരാറിന്റെ പണം കൊടുത്തതിലെ ഉത്തരവാദിത്വമില്ലായ്മയാണ് കോഴിക്കോട് കോർപറേഷനു നഷ്ടം വരുത്തിവച്ചത്. 1996ലെ നിരക്കനുസരിച്ച് 3.09 കോടി രൂപയ്ക്കു നൽകിയ കരാർ 2003ൽ പൂർത്തിയാക്കുകയും 2004ൽ പണം നൽകുകയും ചെയ്തു. പക്ഷേ, 1999ലെ പുതുക്കിയ നിരക്കനുസരിച്ച് തുക അനുവദിക്കണമെന്ന് കരാറുകാരൻ അഭ്യർഥിച്ചെങ്കിലും കൗൺസിൽ അംഗീകരിച്ചില്ല.
ഇതേത്തുടർന്ന് കരാറുകാരൻ കോടതിയെ സമീപിക്കുകയും 2.40 കോടി രൂപ പലിശ സഹിതം നൽകാൻ വിധിയുണ്ടാകുകയും ചെയ്തു. ഇതിനെതിരേ കോർപറേഷൻ അപ്പീലിനു പോയപ്പോൾ വിധിച്ച തുകയ്ക്കുള്ള ബാങ്ക് ഗാരന്റി കെട്ടിവയ്ക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും കോർപറേഷൻ തയാറായില്ല. തുടർന്ന് ഒത്തുതീർപ്പിന്റെ ഭാഗമായി കരാറുകാരൻ ആവശ്യപ്പെട്ട 4.92 കോടി രൂപ കോർപറേഷൻ നൽകി.
2016-17 കാലത്ത് സംസ്ഥാന ഓഡിറ്റ് വകുപ്പ് തയാറാക്കിയ റിപ്പോർട്ടിൽ കോർപറേഷനല്ല, 2.52 കോടി രൂപ നഷ്ടപ്പെടുത്തിയതിന് ഉത്തരവാദികളായ അന്നത്തെ കൗൺസിലർമാരും രണ്ടു സെക്രട്ടറിമാരുമാണ് പണം കൊടുക്കേണ്ടത് എന്നു നിർദേശിച്ചിരുന്നു. കാരണം, ബാങ്ക് ഗാരന്റി സമയത്തു നൽകാത്തതിനാലാണ് 2.52 കോടി രൂപ അധികം നൽകേണ്ടിവന്നതെന്നായിരുന്ന ഓഡിറ്റിംഗിലെ കണ്ടെത്തൽ. അപ്പീലുകളൊന്നും ഫലിച്ചില്ല. രണ്ടു മാസത്തിനകം പണം ഈടാക്കാനാണ് നിർദേശം.
“ശക്തമായ നിരീക്ഷണ സംവിധാനവും ശിക്ഷിക്കപ്പെടുമെന്ന ചിന്തയുമില്ലെങ്കിൽ അഴിമതിക്കെതിരേയുള്ള പോരാട്ടങ്ങൾ വിജയിക്കില്ല”- മനുഷ്യാവകാശപ്രവർത്തകയും നൊബേൽ ജേതാവുമായ റിഗോബെർത്ത മെഞ്ചുവിന്റെ വാക്കുകളാണിത്. കോഴിക്കോട്ട് സംഭവിച്ചത് അഴിമതിയായിരിക്കില്ല, ഉത്തരവാദിത്വമില്ലായ്മയാണ്. പക്ഷേ, പൊതുമുതൽ നഷ്ടപ്പെട്ടു. അതിന്റെ ഉത്തരവാദികളെക്കൊണ്ടു മറുപടി പറയിക്കാൻ ശക്തമായൊരു നിരീക്ഷണ സംവിധാനമായി ലോക്കൽ ഫണ്ട് ഓഡിറ്റിംഗ് ഉണ്ടായിരുന്നു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ, പൊതുമുതൽ കൈകാര്യം ചെയ്യുന്ന എല്ലാ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പാഠമാകേണ്ടതാണ് ഈ വിധി. മാനുഷികമായ പരിമിതികൾക്കപ്പുറം, അഴിമതികൊണ്ടോ ഉത്തരവാദിത്വമില്ലായ്മകൊണ്ടോ മാത്രമാണ് നഷ്ടമുണ്ടായതെങ്കിൽ ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നെടുത്ത് നഷ്ടം പരിഹരിക്കരുത്. തകർന്നുവീഴുന്ന പാലങ്ങൾക്കും കെട്ടിടങ്ങൾക്കുമൊക്കെ ഉത്തരവാദികളായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമുണ്ടാകട്ടെ.
തനിക്കെതിരേ കേസ് നടത്താന്‍ വിവിധ വൈസ് ചാൻസലർമാര്‍ ചെലവഴിച്ച 1.13 കോടി രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ നിർദേശിച്ചിരുന്നു. അതു നിയമപരമായി നിലനിൽക്കുമോയെന്നു കോടതി പറയട്ടെ. പക്ഷേ, വഴിവിട്ട നിയമനങ്ങളുടെ പേരിലോ പാർട്ടിക്കാരായ പ്രതികൾക്കുവേണ്ടിയോ ഒന്നും സർക്കാരിൽനിന്നു നയാപൈസ ചെലവാക്കാൻ പാടില്ല.
കുറഞ്ഞ വിലയിൽ വൈദ്യുതി ലഭിച്ചിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കി വൈദ്യുതി ബോർഡിനു വൻ നഷ്ടം വരുത്തിവച്ചതിൽ ഉത്തരവാദികൾക്കെതിരേ നടപടി വേണമെന്ന് ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോൺഫെഡറേഷൻ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. അതിന്റെ ന്യായാന്യായങ്ങൾ കോടതി തീരുമാനിക്കട്ടെ.
പക്ഷേ, കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്പോൾ സഹിക്കേണ്ടിവരുന്നതു സാധാരണക്കാരാണ്; നഷ്ടം വരുത്തിയവരല്ല. ഇതിനു മാറ്റമുണ്ടാകണം. കൽപ്പറ്റ നഗരസഭയിലെ ജനപ്രതിനിധികൾ സ്വത്തുവിവരം യഥാസമയം കൈമാറാത്തതിനാൽ ലോകായുക്തയ്ക്കു മുന്നിൽ നേരിട്ടു ഹാജരാകാൻ കൈയിൽനിന്നു കാശുമുടക്കി തിരുവനന്തപുരത്തിനു ബസ് പിടിച്ചു പോയത് തിങ്കളാഴ്ചയാണ്.
2021 ഡിസംബറിൽ അധികാരമേറ്റവരാണ് മൂന്നുമാസത്തിനകം സമർപ്പിക്കേണ്ടിയിരുന്ന സ്വത്തുവിവരം ഇതുവരെ നൽകാതിരുന്നത്. കൗൺസിലർസ്ഥാനം വരെ നഷ്ടപ്പെട്ടേക്കാമെന്ന സ്ഥിതി വന്നപ്പോഴാണ് ഭരണപക്ഷവും പ്രതിപക്ഷവുമൊന്നും നോക്കാതെ ഒറ്റ വണ്ടിയിൽതന്നെ കയറിയത്. തങ്ങൾക്കു മാത്രമല്ല, സുൽത്താൻ ബത്തേരിയിൽ ഉൾപ്പെടെ പലയിടത്തും ഈ ഉത്തരവാദിത്വമില്ലായ്മ സംഭവിച്ചെന്നാണ് കൽപ്പറ്റക്കാർ പറഞ്ഞത്. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ജോലിയിലെ അനാസ്ഥയ്ക്കുമൊക്കെ കേരളത്തിലാണോ പഞ്ഞം!
സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ ശാപമാണ് വന്യജീവിശല്യം. മൃഗങ്ങൾ നാട്ടിലിറങ്ങി നാശനഷ്ടമുണ്ടാക്കിയാൽ അവയെ കാട്ടിൽ നിർത്താൻ ഉത്തരവാദപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥർ മറുപടി പറയേണ്ട സ്ഥിതിയുണ്ടായാൽ മാറ്റമുണ്ടാകും. ഏല്പിച്ചിരിക്കുന്ന ജോലി ചെയ്യാത്തതിന്റെ പേരിൽ മാത്രമുണ്ടാകുന്ന നഷ്ടം ബന്ധപ്പെട്ടവരിൽനിന്നുതന്നെ ഈടാക്കണം. ഇങ്ങനെ ശക്തമായ നിരീക്ഷണസംവിധാനം ഉണ്ടായാൽ പലരും പണിയെടുക്കും; നാടു നന്നാകും.