തട്ടിക്കൂട്ട് നിർമിതികളുടെ മരണക്കരാറുകൾ..!
രാജ്യത്തു പലയിടത്തും പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമൊക്കെ ഉദ്ഘാടനത്തിനു
പിന്നാലെ തകരുകയോ പൊളിയുകയോ ചെയ്യുന്നു. അഴിമതി ഇല്ലെന്നു കരാറുകാരും അണിയറക്കാരും പറഞ്ഞാൽ പോരല്ലോ. അഴിമതി മണക്കുന്ന ഇലക്ടറൽ ബോണ്ടുകളുടെ കാലത്ത് അന്വേഷണം എളുപ്പമല്ലെങ്കിലും രാജ്യത്തിനാവശ്യമാണ്.
രാജ്യത്തങ്ങോളമിങ്ങോളം സർക്കാരിന്റെ മേൽനോട്ടത്തിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ ഉദ്ഘാടനത്തിനു പിന്നാലെ നിലംപൊത്തുന്നതും കേടാകുന്നതും ഒറ്റപ്പെട്ട സംഭവമാണെന്ന് ഇനി പറയരുത്. അത്രമാത്രം പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമൊക്കെ തനിനിറം കാണിച്ചുകൊണ്ടിരിക്കുകയാണ്.
നിർമാണത്തിലെ അഴിമതിയുടെ സാധ്യതകളിലേക്കു വിരൽ ചൂണ്ടുന്നതാണ് പല സംഭവങ്ങളും. പ്രതിപക്ഷ നേതാക്കളുടെയും വിമർശകരുടെയും വീട്ടുപരിസരങ്ങളിൽ കുടികിടക്കുന്ന അന്വേഷണ ഏജൻസികളോട് ഈ തട്ടിക്കൂട്ടു നിർമിതികളുടെയും കരാറുകാരുടെയും വിലാസം പറഞ്ഞുകൊടുക്കണം.
ഇന്നലെ പുലർച്ചെയാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം നന്പർ ടെർമിനലിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിക്കുകയും നിരവധി പേർക്കു പരിക്കേൽക്കുകയും വാഹനങ്ങൾ തകരുകയും ചെയ്തത്.
മധ്യപ്രദേശിലെ ജബൽപുരിൽ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ഉദ്ഘാടനം ചെയ്ത ദുംനാ എയർപോർട്ടിന്റെ ടെർമിനൽ തകർന്നുവീണ് മണിക്കൂറുകൾക്കകമാണ് ഡൽഹിയിലെ അത്യാഹിതം. കഴിഞ്ഞദിവസത്തെ മറ്റൊരു വാർത്ത ബിഹാറിൽ ഒരാഴ്ചയ്ക്കിടെ നാലു പാലങ്ങൾ തകർന്നതിനെക്കുറിച്ചായിരുന്നു. ഒന്നര വർഷത്തിനിടെ 13 പുതിയ പാലങ്ങളാണ് ബിഹാറിൽ തകർന്നതെന്ന് ഇന്നലെ കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ദിവസങ്ങൾക്കു മുന്പാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ചോർച്ചയുണ്ടെന്ന് പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞത്. അയോധ്യയിലെ പുതിയ റോഡുകളെക്കുറിച്ചും പരാതികൾ ഉയർന്നിട്ടുണ്ട്. ഗുജറാത്തിലെ സൂറത്തിൽ 118 കോടി രൂപ ചെലവിൽ നിർമിച്ച വേദ് വരിയാവ് പാലത്തിലേക്കുള്ള റോഡ് 40 ദിവസത്തിനുള്ളിൽ വിണ്ടുകീറിയത് കഴിഞ്ഞ വർഷം ഇതേസമയത്താണ്.
ആറു മാസം മുന്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത, മുംബൈ-നവിമുംബൈ അടൽ സേതു കടൽപ്പാലത്തിലേക്കുള്ള അപ്രോച്ച് റോഡിൽ അര കിലോമീറ്ററിലാണ് വിള്ളലുണ്ടായത്. ഒരു മാസം മുന്പാണ് മുംബൈയിലെതന്നെ മറൈൻ ലൈൻസ്-വർളി തീരദേശ റോഡിലെ തുരങ്കത്തിൽ വിള്ളലും ചോർച്ചയും കണ്ടെത്തിയത്. എന്താണു സംഭവിക്കുന്നത്?
ഡൽഹി, ജബൽപുർ വിമാനത്താവളങ്ങളിലെ ടെർമിനലുകൾ തകർന്നത് കനത്ത മഴയെത്തുടർന്നാണെന്നു പറയുന്നു. ബിഹാറിലെ കിഷൻഗഞ്ചിൽ മദിയ നദിക്കു കുറുകെ 2011ൽ പണിത പാലമാണ് ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു തകർന്നത്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭരണകാലത്തെ വികസനപ്രവർത്തനങ്ങൾ ശ്ലാഘിക്കപ്പെട്ടിട്ടുണ്ടെങ്കിലും അഴിമതി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഗുജറാത്തിലെ 140 വർഷം പഴക്കമുള്ള മോർബിയിലെ പാലം അറ്റകുറ്റപ്പണി നടത്താൻ മുനിസിപ്പാലിറ്റിയിൽനിന്നു കരാർ ലഭിച്ച ഒറോവാ നിർമാണ കന്പനി ഇത്തരം കാര്യങ്ങളിൽ മുൻപരിചയമില്ലാത്തവർക്ക് ഉപകരാർ നൽകി.
പാലത്തിന്റെ ഉറപ്പിനെക്കുറിച്ചുള്ള യാതൊരു പരീക്ഷണങ്ങളും നടത്താതെ പാലം ജനങ്ങൾക്കു തുറന്നുകൊടുക്കുകയും ചെയ്തു. നാലു ദിവസത്തിനകം, 2022 ഒക്ടോബറിൽ പാലം തകർന്നു മരിച്ചത് 135 പേരാണ്. പരിക്കേറ്റവരുടെയും മറ്റു നാശങ്ങളുടെയും കണക്ക് വേറെ. പ്രത്യേക അന്വേഷണസംഘം പറഞ്ഞത്, ഓർവയുമായി ഒപ്പിട്ട കരാറുപോലും മുനിസിപ്പാലിറ്റിയുടെ കൈയിൽ ഉണ്ടായിരുന്നില്ലെന്നാണ്. ഇതല്ലേ അഴിമതി?
അസാധാരണമായ വിധത്തിലാണ് ഇന്ത്യയിലെ പുതിയ നിർമിതകൾ പോലും സംശയത്തിന്റെ നിഴലിലാകുന്നത്. കരാറുകാർ അഴിമതി കാണിച്ചിട്ടുണ്ടെങ്കിൽ തനിച്ചല്ല. പിന്നിലുള്ള രാഷ്ട്രീയ ബന്ധങ്ങളും ഭരണകൂട താത്പര്യങ്ങളും കൊള്ളമുതലിന്റെ പങ്കുവയ്ക്കലുമൊക്കെ പുറത്തു വരണം.
ഇലക്ടറൽ ബോണ്ട് വാങ്ങിയവർക്ക് വന്പൻ കരാറുകൾ ലഭിക്കുന്നതും അവരുടെ പേരിലുള്ള അഴിമതി മാഞ്ഞുപോകുന്നതുമൊക്കെ നമ്മൾ കണ്ടത് അടുത്തിടെയാണ്. പ്രസംഗിച്ചതായിരുന്നില്ല പ്രവൃത്തിയിലുണ്ടായിരുന്നതെന്ന് സുപ്രീംകോടതി ഇടപെട്ടതോടെ വെളിപ്പെട്ടിരുന്നു. ഈ കരാറുകളുടെ കാര്യത്തിലും സംശയങ്ങൾ നീങ്ങണം. അതൊക്കെയല്ലേ ഈ രാജ്യസ്നേഹമെന്നു പറയുന്നത്..!