മണിപ്പുർ: നാം സമാധാനം ആഗ്രഹിക്കുന്നുണ്ടോ?
Wednesday, June 19, 2024 12:00 AM IST
നമുക്ക് ഒരു ചോദ്യത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. മണിപ്പുർ കലാപം അവസാനിപ്പിക്കാൻ നാം യഥാർഥത്തിൽ ആഗ്രഹിക്കുന്നുണ്ടോ?
ഡൽഹിയിലെ അധികാരമേശയിലേക്ക് മണിപ്പുരിന്റെ ചോര പുരണ്ട ഫയൽ വീണ്ടുമെടുത്തിയിരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസിലെത്തിയ മണിപ്പുർ ഗവർണർ കാര്യങ്ങൾ വിശദീകരിച്ചതിനു പിന്നാലെ, ആഭ്യന്തരമന്ത്രി ഉന്നതതല യോഗം വിളിച്ചു.
പ്രശ്നപരിഹാരത്തിനു കുക്കി-മെയ്തെയ് വിഭാഗങ്ങളുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തുമെന്നാണ് തീരുമാനം. എന്തു കാരണത്താലായാലും കേന്ദ്രസർക്കാരിന്റെ ഈ ഉണർവ് പ്രതീക്ഷയുണർത്തുന്നു. അശാന്തമായ മലനിരകളിലെയും താഴ്വരകളിലെയും മനുഷ്യർക്ക് സമാധാനത്തോടെ ഒന്നുറങ്ങിയെഴുന്നേൽക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരില്ലെന്നു കരുതാം.
എല്ലാമുപേക്ഷിച്ചു പലായനം ചെയ്തവർക്ക് വീടില്ലെങ്കിലും, വീടിരുന്ന സ്ഥലത്തേക്കെങ്കിലും മടങ്ങിവരാനാകട്ടെ. മണിപ്പുരിൽ ആദ്യം സമാധാനം പുനഃസ്ഥാപിക്കണം. പക്ഷേ, കൊലപാതകികളും സ്ത്രീകളെ മാനഭംഗപ്പെടുത്തിയവരും ഉൾപ്പെടെയുള്ള കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചില കാര്യങ്ങളിൽ സംശയനിവൃത്തി ഉണ്ടാകുകയും വേണം.
മെയ്തെയ്-കുക്കി ഏറ്റുമുട്ടലുകളിലേക്ക് വർഗീയത കലർത്തിയെന്ന ആരോപണമുണ്ടായി. കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകളുടെ നിഷ്ക്രിയതയും ചർച്ചയായി. 2023 മേയിൽ പൊട്ടിപ്പുറപ്പെട്ട മണിപ്പുർ കലാപത്തിൽ നിരവധി മനുഷ്യർ കൊല്ലപ്പെടുകയും വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാകുകയും ചെയ്തിട്ടും പ്രധാനമന്ത്രി മൂന്നു മാസങ്ങൾക്കുശേഷമാണ് പ്രതികരിച്ചത്; അതും, സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയ മെയ്തെയ്കളുടെ ക്രൂരത കണ്ട് ലോകം നടുങ്ങുകയും അപലപിക്കുകയും ചെയ്തപ്പോൾ.
അതേസമയത്ത്, ഓസ്ട്രേലിയയിലെത്തിയ അദ്ദേഹം അവിടെ ഏതാനും ക്ഷേത്രങ്ങൾക്കു നേരേ ആയിടയ്ക്കുണ്ടായ ആക്രമണങ്ങളെ അപലപിക്കുകയും അവിടത്തെ പ്രധാനമന്ത്രി ആൽബനീസിനെ ചർച്ചകളിലൂടെ പ്രശ്നത്തിൽ ഇടപെടുവിക്കുകയും ചെയ്തു. മണിപ്പുരിൽ അപ്പോഴേക്കും ഇരുന്നൂറിലേറെ പള്ളികൾ കത്തിയമർന്നിരുന്നു; ഏറെയും മെയ്തെയ്കൾക്കു ഭൂരിപക്ഷമുള്ള ഇംഫാലിൽ.
ക്രിസ്ത്യാനികളായ കുക്കികൾക്കൊപ്പം സ്വന്തം വംശത്തിലെ ക്രിസ്ത്യാനികളെയും മെയ്തെയ്കൾ കൊല്ലുകയും അവരുടെ വീടുകളും പള്ളികളും തകർക്കുകയും ചെയ്തപ്പോൾ ബിജെപിയും അനുഭാവികളും അതു വർഗീയമല്ല, വംശീയമാണെന്നു സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിപ്പോഴും തുടരുന്നത് രാജ്യതാത്പര്യത്തിനപ്പുറം രാഷ്ട്രീയ താത്പര്യങ്ങളാലാവാം.
പള്ളികളും ക്ഷേത്രങ്ങളും തകർക്കപ്പെട്ടതും കലാപസമയത്തെ പോലീസിന്റെ നടപടികളും ബിരേൻസിംഗ് സർക്കാരിന്റെ നിലപാടുകളും, വർഗീയതയുണ്ടായിരുന്നെങ്കിൽ അതും അന്വേഷിക്കണം.
ഏഴു വയസുള്ള ടോൺസിംഗിനെ ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ, മെയ്തെയ് ക്രിസ്ത്യാനികളായിരുന്ന ആ കുഞ്ഞിനെയും അമ്മ മീനയെയും ബന്ധുവിനെയും മെയ്തെയ്കൾതന്നെ ജീവനോടെ കത്തിച്ചതുൾപ്പെടെ പലതും അന്വേഷിക്കാനുണ്ട്. വ്യാഖ്യാനങ്ങളല്ല, സത്യം പുറത്തുവരണം.
മെയ്തെയ്കളെന്നോ കുക്കികളെന്നോ വേർതിരിവില്ലാതെ കുറ്റവാളികളെല്ലാം ശിക്ഷിക്കപ്പെടണം. കാരണം, കുറ്റവാളികളെയും അവരുടെ സംഘടനകളെയും ഗൂഢാലോചനക്കാരെയും രക്ഷപ്പെടാൻ അനുവദിച്ചാൽ സുസ്ഥിര സമാധാനം സാധ്യമാകില്ല. ഒരു വർഷമായി കത്തിയെരിയുന്ന മണിപ്പുരിൽ കേന്ദ്രം ഇടപെടണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ വാക്കുകൾ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.
ഇതൊക്കെത്തന്നെയാണ്, ഒരു വർഷത്തിലേറെയായി ദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളുമൊക്കെ പറഞ്ഞുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനാവാതെ പോയപ്പോഴാവാം മണിപ്പുരിനെയും വിദ്വേഷപ്രസംഗങ്ങളെയുംകുറിച്ച് പുനരാലോചന ഉണ്ടായിരിക്കുന്നത് എന്നും കരുതേണ്ടിയിരിക്കുന്നു.
ഒരു വർഷത്തിലേറെയായി മണിപ്പുരിൽ തുടരുന്ന അക്രമവും അരാജകത്വവും അവസാനിപ്പിക്കാൻ എളുപ്പമല്ല. പക്ഷേ, എളുപ്പമായതു മാത്രം ചെയ്യാൻ വിധിക്കപ്പെട്ടവരല്ല മനുഷ്യർ. സമാധാനകാംക്ഷികളായ മെയ്തെയ്കളും കുക്കികളും പ്രതിപക്ഷം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും സാമൂഹിക പ്രവർത്തകരുമൊക്കെ കേന്ദ്രസർക്കാരിനൊപ്പം കൈകോർത്താൽ മണിപ്പുരിനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാം.
തുടർപ്രവർത്തനങ്ങളിലൂടെ വിദ്വേഷത്തിന്റെ വേലിക്കെട്ടുകൾ തകർക്കുകയുമാകാം. ഇംഗ്ലീഷ് ഗായകനായ ജോൺ ലെനന്റെ വിഖ്യാതമായ ഒരു വാക്യത്തെ ഇങ്ങനെ എഴുതാം: “ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന നിമിഷം യുദ്ധം ഒഴിവായിത്തുടങ്ങും.’’ നമുക്ക് ഒരു ചോദ്യത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. മണിപ്പുർ കലാപം അവസാനിപ്പിക്കാൻ നാം യഥാർഥത്തിൽ ആഗ്രഹിക്കുന്നുണ്ടോ?