നിർമിത ബുദ്ധിയെക്കുറിച്ച് ബുദ്ധിപൂർവം
Monday, June 17, 2024 12:00 AM IST
ചക്രക്കസേരയിൽ ജി 7 ഉച്ചകോടിയുടെ വേദിയിലേക്ക് ഫ്രാൻസിസ് മാർപാപ്പയെത്തിയപ്പോൾ എഴുന്നേറ്റു നിന്ന് ആദരിച്ച രാഷ്ട്രത്തലവന്മാർ, അദ്ദേഹത്തിന്റെ മുന്നറിയിപ്പുകളെ അംഗീകരിക്കുമോയെന്ന് അറിയില്ല. പക്ഷേ, ഭാവിയിൽ ഭൂമിയെന്ന ഗ്രഹത്തെയും ജീവജാലങ്ങളുടെ നിലനിൽപിനെയും നിർവചിക്കാൻ മനുഷ്യർക്ക് ആവശ്യമായി വന്നേക്കാം.
ഇറ്റലിയിൽ നടന്ന ജി 7 സമ്മേളനത്തിൽ പങ്കെടുത്ത ഫ്രാൻസിസ് മാർപാപ്പ രണ്ടു വിധത്തിൽ നമുക്കു വാർത്തയായി. ഒന്നാമത്, വെറുപ്പുകൊണ്ടും വിദ്വേഷംകൊണ്ടും യുദ്ധങ്ങൾകൊണ്ടും മനുഷ്യജീവിതം ദുഃസഹമായ കാലത്ത് നിർമിതബുദ്ധിയെ യുദ്ധത്തിനിറക്കുന്ന നെറികേടിനെതിരേ അദ്ദേഹം മുന്നറിയിപ്പു നൽകി.
രണ്ടാമത്, പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചു. മാർപാപ്പയുടെ ഇന്ത്യാസന്ദർശനം വത്തിക്കാന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ കൂടുതൽ ചർച്ചകൾ ആവശ്യമില്ല. പക്ഷേ, ഒന്നാമത്തേത് ചർച്ച ചെയ്യപ്പെടണം. കാരണം, അത് മനുഷ്യൻ തന്നേക്കാൾ വേഗതയിൽ ചിന്തിക്കാനും തീരുമാനമെടുക്കാനും ശേഷിയുള്ള ഒരു യന്ത്രബുദ്ധിയെ സൃഷ്ടിച്ച് സേവനത്തിനപ്പുറം സംഹാരത്തിന്റെ ചുമതലയും കൊടുക്കുന്നതിനെക്കുറിച്ചാണ്.
താൻ നിർമിച്ച അണുബോംബ് ഇല്ലാതാക്കിയ സകലതിനെയുമോർത്ത് വിഷാദത്തിന്റെ ആഴക്കയങ്ങളിൽ പെട്ട ഓപ്പൻഹൈമറിന്റേതിനേക്കാൾ പതിന്മടങ്ങ് വിലാപങ്ങൾ സംഭവിക്കാനിരിക്കുകയാണോ?
സന്പന്നരാഷ്ട്രങ്ങളുടെ സാന്പത്തിക രാഷ്ട്രീയ കൂട്ടായ്മയായ ജി 7ൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്. ശ്രദ്ധിക്കേണ്ട കാര്യം, അദ്ദേഹത്തിനു പ്രഭാഷണം നടത്തേണ്ടിയിരുന്നത് മതത്തെക്കുറിച്ചോ ദൈവത്തെക്കുറിച്ചോ ആയിരുന്നില്ല എന്നതാണ്.
വിവരവിജ്ഞാനത്തിന്റെ നൂതന കണ്ടുപിടിത്തമായ ആർട്ടിഫിഷൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധിയെക്കുറിച്ചാണ്; അതിന്റെ ധാർമികതയെക്കുറിച്ചാണ്. മതേതരവും ആനുകാലികവുമായ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ നിലപാടുകളും ലോകം അതീവശ്രദ്ധയോടെ നിരീക്ഷിക്കാറുണ്ട്. രാഷ്ട്രീയത്തിലും മതത്തിലും സംസ്കാരത്തിലും വ്യത്യസ്തരെങ്കിലും ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലും ഗൾഫിലുമുൾപ്പെടെ 60 രാജ്യങ്ങൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് തങ്ങളുടെ നാട്ടിൽ വരവേൽപ്പ് നൽകിക്കഴിഞ്ഞു.
അത് കത്തോലിക്കാസഭയുടെ തലവനായതുകൊണ്ടു മാത്രമല്ല, ആഗോള സാഹോദര്യത്തിന്റെ വക്താവായതുകൊണ്ടു കൂടിയാണ്. ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ ഫോബ്സ് പട്ടികയിൽ ലോകത്തെ ഏറ്റവും ചെറിയ രാജ്യത്തിന്റെ തലവനായ ഫ്രാൻസിസ് മാർപാപ്പ ആറാമതായി ഇടംപിടിച്ചത് അതുകൊണ്ടാണ്. പട്ടികയിലെ ഒരേയൊരു മതനേതാവ്! ജി 7 സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതുകൊണ്ട് താമസിയാതെ ഇന്ത്യയിലും അദ്ദേഹം വന്നേക്കാം.
ജനങ്ങളെ സേവിക്കാനും ലോകത്തെ കൂടുതൽ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ താൻ ആദരിക്കുന്നെന്നും ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചെന്നും മോദി എക്സിൽ കുറിച്ചു. മാർപാപ്പയ്ക്ക് ഇന്ത്യയിലേക്കുള്ള ക്ഷണം രാജ്യത്തിന് അഭിമാനവും ലോകത്തിനു സന്ദേശവുമാണെന്നതിൽ സംശയമില്ല.
“സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാനുള്ള കഴിവ് മനുഷ്യരിൽനിന്ന് എടുത്തുമാറ്റി യന്ത്രങ്ങൾക്കു കൊടുക്കുന്നത് പ്രതീക്ഷയില്ലാത്ത ഭാവിയിലേക്കുള്ള മനുഷ്യവംശത്തിന്റെ യാത്രയായിരിക്കും’’ എന്ന മാർപാപ്പയുടെ വാക്യം ലോകത്തെ അലോസരപ്പെടുത്തേണ്ടതാണ്. ഈ വാക്കുകൾ, അനതിവിദൂരമല്ലാത്ത ഭാവിയിൽ ഭൂമിയെന്ന ഗ്രഹത്തെയും ജീവജാലങ്ങളുടെ നിലനിൽപ്പിനെയും നിർവചിക്കാൻ മനുഷ്യർക്ക് ആവശ്യമായി വന്നേക്കാം.
യുദ്ധങ്ങളെക്കുറിച്ചും കുടിയേറ്റങ്ങളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ധീരമായ നിലപാടുകളെടുത്തിട്ടുള്ള മാർപാപ്പ നിർമിതബുദ്ധിയെക്കുറിച്ച് മുന്പും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സാങ്കേതികസർവാധിപത്യത്തെ കരുതിയിരിക്കാനും നിർമിതബുദ്ധിയെ സമൂഹത്തിലെ ഏറ്റവും ദുർബലരായവർക്കു ഗുണകരമായി ഉപയോഗിക്കാനുമാണ് കഴിഞ്ഞ പുതുവർഷസന്ദേശത്തിൽ അദ്ദേഹം പറഞ്ഞത്.
അതിന്റെ തുടർച്ചയാണ് തെക്കൻ ഇറ്റലിയിലെ സാവെല്ലത്രിയിലെ ജി 7 സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്. “നിർമിതബുദ്ധിയുടെ പിറവിയോടെ സങ്കീർണമായ മാറ്റങ്ങളിലേക്കു നയിക്കുന്ന വൈജ്ഞാനിക വ്യാവസായിക വിപ്ലവം ആരംഭിച്ചിരിക്കുന്നു. അറിവ് എല്ലാവർക്കും ലഭ്യമാകുന്ന അവസ്ഥ, ശാസ്ത്രഗവേഷണങ്ങളിലെ മുന്നേറ്റങ്ങൾ, ജോലിഭാരം ലഘൂകരിക്കൽ തുടങ്ങിയവ നിർമിതബുദ്ധിയുടെ ഗുണങ്ങളാണ്.
എന്നാൽ അതിനൊപ്പം വികസിത-അവികസിത രാജ്യങ്ങൾ തമ്മിലും ശക്തനും അടിച്ചമർത്തപ്പെട്ടവനും തമ്മിലും വിടവ് വർധിപ്പിക്കുന്നതുപോലുള്ള ദോഷങ്ങളുമുണ്ട്.” എല്ലാ വളർച്ചയും സന്പന്നരിൽ ഒതുങ്ങുകയും മഹാഭൂരിപക്ഷം ദരിദ്രരായി അവശേഷിക്കുകയും ചെയ്യുന്ന വ്യാജ വികസന കാലത്താണ് നിർമിതബുദ്ധിയെക്കുറിച്ച് മാർപാപ്പ സംശയമുന്നയിച്ചിരിക്കുന്നത്.
ഇതുവരെ പിന്തുടർന്നിരുന്ന ആ വികസനകാഴ്ചപ്പാട് നിർമിതബുദ്ധിയെ ഏൽപ്പിക്കുന്പോൾ ആപത്ത് വർധിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം മനുഷ്യന്റേതായിരിക്കണമെന്നും അതു നിർമിതബുദ്ധിക്കു വിട്ടുകൊടുക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. കാരണം, “ഹൃദയംകൊണ്ടു തീരുമാനിക്കാൻ മനുഷ്യനേ കഴിയൂ. മനുഷ്യജീവനെടുക്കാൻ ഒരിക്കലും ഒരു യന്ത്രത്തെ നിയോഗിക്കരുത്.’’
ചക്രക്കസേരയിൽ ജി 7 ഉച്ചകോടിയുടെ വേദിയിലേക്ക് ഫ്രാൻസിസ് മാർപാപ്പയെത്തിയപ്പോൾ എഴുന്നേറ്റു നിന്ന് ആദരിച്ച രാഷ്ട്രത്തലവന്മാർ, അദ്ദേഹത്തിന്റെ മുന്നറിയിപ്പുകളെ അംഗീകരിക്കുമോയെന്ന് അറിയില്ല. പക്ഷേ, ശത്രുസംഹാരത്തിന്റെ ചുമതലപോലും നിർമിതബുദ്ധിയെ ഏൽപ്പിച്ച നേതാക്കൾക്കോ അതിന്റെ അനന്തരഫലങ്ങൾ അനുഭവിച്ച മറ്റു മനുഷ്യർക്കോ നാളെ ഒരുപക്ഷേ, തിരിഞ്ഞുനോക്കേണ്ടിവന്നേക്കാം. അപ്പോൾ, ഇറ്റലിയിലെ ഈ സമ്മേളനം ചരിത്രത്തിലുണ്ടാകും.